India
wrestlers Jantar Mantar strike police thrashed
India

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ മര്‍ദിച്ച് പൊലീസ്; താരങ്ങള്‍ക്ക് പരിക്ക്

Web Desk
|
4 May 2023 1:04 AM GMT

മദ്യപിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ഗുസ്തി താരങ്ങള്‍

ഡൽഹി: ജന്ദർമന്തറിൽ ഗുസ്തി താരങ്ങളും പൊലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 11.30നാണ് സംഘർഷമുണ്ടായത്. മദ്യപിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും സമരമാവസാനിപ്പിക്കാൻ അവശ്യപ്പെടുകയും ചെയ്തെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ഇത് ഗുസ്തി താരങ്ങൾ ചോദ്യംചെയ്തതോടെയാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിൽ ഒരു ഗുസ്തി താരത്തിന്‍റെ തലയ്ക്ക് പരിക്കേറ്റു. വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരോട് പൊലീസ് മോശമായി പെരുമാറിയെന്ന് സമരക്കാർ പറഞ്ഞു- "ഇതിനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്? കോൺസ്റ്റബിൾ ഞങ്ങളെ നേരിടുമ്പോള്‍ വനിതാ പൊലീസുകാർ എവിടെയായിരുന്നു?"- വിനേഷ് ഫോഗട്ട് കണ്ണീരോടെ ചോദിച്ചു.

"ഞാൻ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു"- ബജ്‍റംഗ് പുനിയ പറഞ്ഞു. ഗുസ്തി താരങ്ങളെ പിന്തുണച്ചതിന് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. എന്നാല്‍ സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ സമര പന്തലില്‍ കട്ടില്‍ കൊണ്ടുവന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം പതിമൂന്നാം ദിവസത്തിലെത്തി. ബ്രിജ്ഭൂഷനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് താരങ്ങൾ സുപ്രിംകോടതിയിൽ അറിയിച്ചു.

ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ കയ്യിലുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നല്‍കി. കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും താരങ്ങൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

അതിനിടെ സമരത്തിനെതിരെ പരാമർശം നടത്തി പ്രതിരോധത്തിലായ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ താരങ്ങളെ സന്ദർശിക്കാനെത്തി. സമര പന്തലിൽ നിന്ന് ഇറങ്ങിയ ഉഷയെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വളഞ്ഞു.



Similar Posts