'ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരമുണ്ടാക്കണം': നീരജ് ചോപ്ര
|പി.ടി ഉഷ കായിക താരങ്ങളുമായി സംസാരിച്ചത് ശുഭസൂചനയാണെന്നും നീരജ് ചോപ്ര പറഞ്ഞു
ദോഹ: ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരമുണ്ടാക്കണമെന്ന് നീരജ് ചോപ്ര. താരങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.
'അന്താരാഷ്ട്ര മത്സരങ്ങള്‍ വരാനിരിക്കുന്നു, താരങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കണം. ലോകചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് തിരക്കുകളുണ്ട് എന്നാലും അവസരം ലഭിച്ചാല്‍ ഗുസ്തി താരങ്ങളുമായി സംസാരിക്കും. പി.ടി ഉഷ കായിക താരങ്ങളുമായി സംസാരിച്ചത് ശുഭസൂചനയാണ്' എന്നാണ് നീരജ് ചോപ്ര പറഞ്ഞത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു. പ്രതിഷേധം ശക്തമാണെങ്കിലും ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ്, ബ്രിജ് ഭൂഷണെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. പോക്സോ വകുപ്പുകളടക്കം ചുമത്തപ്പെട്ട കേസിൽ താരങ്ങൾ ഉടനെ മജിസ്ട്രേട്ട് കോടതിയെയോ ഡൽഹി ഹൈക്കോടതിയെയോ സമീപിച്ചേക്കും. ഡൽഹിയിൽ വിവിധ വനിത സംഘടനകൾ താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.