ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും; പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്താന്‍ ഗുസ്തി താരങ്ങള്‍
|ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ ഗാസിപ്പൂർ അതിർത്തിയിലും, ഹരിയാനയിൽനിന്നുള്ള കർഷകർ തിക്രി അതിർത്തിയിലും, പഞ്ചാബിൽനിന്നുള്ള കർഷകർ സിംഘു അതിർത്തിയിലും മാർച്ച് ആരംഭിക്കും
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ സർക്കാരിന് നൽകിയ സമയം ഇന്ന് അവസാനിക്കും. നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഉദ്ഘാടന ദിവസം പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. ആവശ്യമെങ്കിൽ അറസ്റ്റ് വരിക്കാൻ പോലും തയ്യാറാണെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തിൽ നാളെ ഡൽഹിയിലെ അതിർത്തികളിൽനിന്ന് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം. നാളെ രാവിലെ പതിനൊന്ന് മണിയോടെ ജന്ദർ മന്ദറിൽനിന്ന് രാജസ്ഥാനിൽനിന്നുള്ള കർഷകർക്കൊപ്പമായിരിക്കും താരങ്ങൾ പാർലമെൻ്റിലേക്ക് മാർച്ച് നടത്തുക. ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ ഗാസിപ്പൂർ അതിർത്തിയിലും, ഹരിയാനയിൽനിന്നുള്ള കർഷകർ തിക്രി അതിർത്തിയിലും, പഞ്ചാബിൽനിന്നുള്ള കർഷകർ സിംഘു അതിർത്തിയിലും ഇതേസമയം മാർച്ച് ആരംഭിക്കും.
പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിലെ വനിതാ മഹാപഞ്ചായത്ത് തീർത്തും സമാധാനപരമായിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ അറിയിച്ചത്. അറസ്റ്റ് വരിക്കാൻ തങ്ങൾ തയാറാണെന്നും താരങ്ങൾ വ്യക്തമാക്കി. അതേസമയം, സമരം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. താരങ്ങളുടെ സമരത്തിന് കർഷക പിന്തുണ വർധിക്കുന്നത് കേന്ദ്ര സർക്കാരിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്.
Summary: The wrestlers to intensify the protest as the time given by the players to the government to arrest the Wrestling Federation of India (WFI) president and BJP MP Brijbhushan Sharan Singh ends today