India
Satya Pal Malik

സത്യപാല്‍ മല്ലിക്

India

ഗവര്‍ണറായിരുന്നപ്പോള്‍ തന്നെ പുല്‍വാമ ആക്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നു; അമിത് ഷായെ തള്ളി സത്യപാല്‍ മല്ലിക്

Web Desk
|
25 April 2023 7:33 AM GMT

രാജസ്ഥാനിലെ സിക്കറിൽ മല്ലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു

ജയ്പൂര്‍: ഗവര്‍ണറായിരുന്നപ്പോള്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടിയില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യത്തോട് പ്രതികരിച്ച് സത്യപാല്‍ മല്ലിക്. 2019ലെ പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് താൻ അധികാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞത് തെറ്റാണെന്ന് മല്ലിക് തിങ്കളാഴ്ച പറഞ്ഞു.


"ഞാൻ അധികാരത്തിന് പുറത്തായിരുന്നപ്പോഴാണ് ഈ വിഷയം ഉന്നയിച്ചത് എന്നു പറയുന്നത് തെറ്റാണ്,ആക്രമണം നടന്ന ദിവസം തന്നെ ഇതു പറഞ്ഞിരുന്നു'' രാജസ്ഥാനിലെ സിക്കറിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മല്ലിക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകള്‍.ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അധികാരം പോയപ്പോഴാണ് സത്യപാല്‍ മല്ലിക്കിന് ഇതൊക്കെ പറയാന്‍ തോന്നിയതെന്ന കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.



'ഞങ്ങളെ ഉപേക്ഷിച്ച് പോയ ശേഷമാണോ ഇതെല്ലാം അദ്ദേഹത്തിന്‍റെ മനസിലേക്ക് വന്നത്? അധികാരസ്ഥാനത്തിരുന്നപ്പോള്‍ എന്താണ് ഇതൊന്നും പറയാതിരുന്നത്. ഇത്തരം പ്രസ്താവനകളുടെ വിശ്വാസ്യത എന്താണെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരുന്നത്. ഇതൊന്നും ഒരു പൊതുചര്‍ച്ചക്ക് വെക്കേണ്ട വിഷയമല്ല. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഞങ്ങളില്‍ നിന്നും പിരിഞ്ഞുപോയ ശേഷം, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി നടത്തുന്ന പ്രസ്താവനകളെ ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തും,' എന്നും അമിത് ഷാ പറഞ്ഞിരുന്നു.

പുൽവാമ ആക്രമണ സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്നു മുതിർന്ന സംഘ്പരിവാർ നേതാവ് കൂടിയായ സത്യപാൽ മാലിക്. പുൽവാമ ആക്രമണം, അദാനി, അംബാനി, അഴിമതി അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും പ്രതിരോധത്തിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരിലൊരാളായ കരൺ ഥാപ്പറിനുമുന്നിൽ സത്യപാൽ നടത്തിയത്.



2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാര്‍, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയറ്റുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി.സംഭവം നടന്നു നാലു വർഷങ്ങൾക്കിപ്പുറമാണ് മല്ലികിന്‍റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നും സത്യപാല്‍ ആരോപിച്ചിരുന്നു.

Similar Posts