'ഇന്‍ഡ്യ' സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസിന് കത്തെഴുതി, മറുപടി ലഭിച്ചില്ല -പ്രകാശ് അംബേദ്കര്‍
|മുംബൈ: ഇന്‍ഡ്യ സഖ്യത്തില്‍ ചേരാനുള്ള തങ്ങളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി നല്‍കിയില്ലെന്ന ആരോപണവുമായി വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ രംഗത്ത്. സെപ്റ്റംബര്‍ 1നാണ് ഇതുസംബന്ധിച്ച് താന്‍ കത്തെഴുതിയതെന്നും പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
നേരിട്ടും, ഇമെയ്‌ലിലൂടെയും, കോണ്‍ഗ്രസ് വെബ്‌സൈറ്റിലൂടെയും കത്ത് കൈമാറിയെന്നും ഇന്‍ഡ്യ സഖ്യത്തില്‍ ചേരാനുള്ള ഉപാധികളും നിബന്ധനകളും കത്തില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാനം വരെ കോണ്‍ഗ്രസിന്റെ ക്ഷണത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ലാത്തൂര്‍, ബീഡ്, സതാറ, സതാന അടക്കമുള്ളിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് മൂന്നു തവണ ലോക്‌സഭ അംഗമായിട്ടുണ്ട്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമുമായി സഖ്യത്തിലേര്‍പ്പെട്ട് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങിയ വഞ്ചിത് ബഹുജന്‍ അഘാഡി 37, 43, 200 വോട്ടുകള്‍ സമഹാരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ദലിത്, പിന്നോക്ക വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടിരുന്നു.