India
ഹരിദ്വാർ ഹിന്ദു ധർമസൻസദിൽ ഞങ്ങള്‍ പറഞ്ഞതും ഇതുതന്നെ; മോദിയുടെ വിദ്വേഷ പ്രസംഗത്തെ കുറിച്ച് യതി നരസിംഹാനന്ദ്
India

'ഹരിദ്വാർ ഹിന്ദു ധർമസൻസദിൽ ഞങ്ങള്‍ പറഞ്ഞതും ഇതുതന്നെ'; മോദിയുടെ വിദ്വേഷ പ്രസംഗത്തെ കുറിച്ച് യതി നരസിംഹാനന്ദ്

Web Desk
|
16 May 2024 3:46 PM GMT

2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധർമസൻസദിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാൻ പരസ്യമായി ആഹ്വാനമുയര്‍ന്നിരുന്നു

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തെ 2021ലെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാർ ഹിന്ദു ധർമസൻസദുമായി താരതമ്യപ്പെടുത്തി വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി. ധർമസൻസദിൽ തങ്ങൾ പറഞ്ഞതും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ശരിയായിരുന്നുവെന്നെന്നാണ് ഇതു തെളിയിക്കുന്നതെന്നും പരിപാടിയുടെ മുഖ്യസംഘാടകനായിരുന്ന നരസിംഹാനന്ദ് പറഞ്ഞു. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരും കൂടുതൽ കുട്ടികളുള്ളവരുമാണെന്ന മോദിയുടെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണു പ്രതികരണം.

ധർമസൻസദിൽ ഞങ്ങൾ പറഞ്ഞതൊക്കെയുമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇപ്പോൾ പരസ്യമായി പറയുന്നതെന്ന് നരസിംഹാനന്ദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞങ്ങൾ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്നാണ് അതിനർഥം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസംഗം നിങ്ങൾ(മാധ്യമപ്രവർത്തകർ) നേരിൽ കേട്ടവരാണ്. സത്യം പറഞ്ഞതിന് തങ്ങളെ പിടിച്ച് ജയിലിലിടുകയാണു ചെയ്തതെന്നും നരസിംഹാനന്ദ് വിമർശിച്ചു. ആഗോളതലത്തില്‍ ധർമസൻസദ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

2021 ഡിസംബറിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വിവാദമായ ധർമസൻസദ് ഹിന്ദു മഹാസമ്മേളനം നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാൻ പരസ്യ ആഹ്വാനം ഉയര്‍ന്നിരുന്നു. ഉത്തർപ്രദേശിലെ ദാശ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയായ നരസിംഹാനന്ദ് ധർമസൻസദിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സമ്മേളനത്തിനെതിരെ ഏറെ വിമർശനം ഉയർന്നതിനു പിന്നാലെ സുപ്രിംകോടതി ഇടപെടുകയും മുഖ്യസംഘാടകനായ നരസിംഹാനന്ദ് അറസ്റ്റിലാകുകയും ചെയ്തു.

എന്നാൽ, അധികം വൈകാതെ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷവും മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും മഹാത്മാ ഗാന്ധി അടക്കമുള്ള രാഷ്ട്രനേതാക്കളെ നിരന്തരം അപമാനിക്കുന്നതും തുടരുകയാണ് നരസിംഹാനന്ദ്.

Summary: ‘Been saying the same in Hindu Dharma Sansad,’ says Yati Narsinghanad on Modi’s ‘infiltrators’ speech

Similar Posts