India
നരസിംഹാനന്ദിന്‍റെ അറസ്റ്റ് വിദ്വേഷ പ്രസംഗ കേസിലല്ലെന്ന് റിപ്പോര്‍ട്ട്
India

നരസിംഹാനന്ദിന്‍റെ അറസ്റ്റ് വിദ്വേഷ പ്രസംഗ കേസിലല്ലെന്ന് റിപ്പോര്‍ട്ട്

Web Desk
|
16 Jan 2022 8:22 AM GMT

സ്ത്രീകളെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു

ഹരിദ്വാറിൽ മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സമ്മേളനത്തിന്‍റെ സംഘാടകനായ യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അല്ലെന്ന് പൊലീസ് വൃത്തങ്ങള്‍. സ്ത്രീകളെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

"സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ല. ആ കേസിൽ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യും. നടപടിക്രമങ്ങൾ തുടരുകയാണ്. ഞങ്ങൾ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാൻഡ് അപേക്ഷയിൽ ഉൾപ്പെടുത്തും"- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നരസിംഹാനന്ദിനെതിരായ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട നിലവിലെ കേസ് അത്ര തീവ്രമല്ല. അതുകൊണ്ടുതന്നെ നരസിംഹാനന്ദിന് ജാമ്യം ലഭിക്കാനാണ് സാധ്യത.

കഴിഞ്ഞ മാസം ഹരിദ്വാറില്‍ ധർമ സൻസദ് എന്ന മത സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിൽ നരസിംഹാനന്ദിന്‍റെ പേരുമുണ്ട്. ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് (മതം മാറുന്നതിനു മുന്‍പ് വസീം റിസ്‌വി) കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതി.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും സമ്മേളനത്തിൽ തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു. ഡിസംബര്‍ 17 മുതല്‍ 19 വരെയായിരുന്നു സമ്മേളനം. സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുത്തു. റിസ്‌വിക്കും നരസിംഹാനന്ദിനും പുറമേ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ തുടങ്ങി 10 പേർക്കെതിരെയാണ് ജ്വാലപൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഹരിദ്വാർ വിദ്വേഷ പ്രസംഗക്കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നരസിംഹാനന്ദ് കഴിഞ്ഞ ദിവസം പൊലീസിനുനേരെ ശാപവാക്കുകൾ ചൊരിഞ്ഞു. താനും തന്റെ മക്കളുമെല്ലാം ചത്തുപോകുമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്.

Similar Posts