India
അലീഗർ യൂണിവേഴ്‌സിറ്റി ബോംബുവച്ച് തകർക്കണം; വിദ്വേഷവുമായി  വീണ്ടും യതി നരസിംഹാനന്ദ്
India

'അലീഗർ യൂണിവേഴ്‌സിറ്റി ബോംബുവച്ച് തകർക്കണം'; വിദ്വേഷവുമായി വീണ്ടും യതി നരസിംഹാനന്ദ്

abs
|
20 Sep 2022 11:23 AM GMT

"ഇന്ത്യാ വിഭജനത്തിന്റെ വിത്തുകൾ ഉണ്ടായത് അലീഗറിൽ നിന്നാണ്"

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിഖ്യാതമായ അലീഗർ സർവകലാശാലയ്ക്കും മദ്രസകൾക്കുമെതിരെ വിദ്വേഷ പരാമർശവുമായി തീവ്രഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ്. അലീഗവർ വാഴ്‌സിറ്റിയും മദ്രസകളും ബോബു വെച്ച് തകർക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഹിന്ദു മഹാസഭ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നരസിംഹാനന്ദ്.

'മദ്രസ പ്രഥമസ്ഥലങ്ങളിൽ ഉണ്ടാകാൻ പാടില്ല. വെടിമരുന്നു പൊട്ടിച്ച് അവയെ തുണ്ടം തുണ്ടമാക്കണം. ചൈനയുടെ നയമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. മദ്രസയിൽ വസിക്കുന്നവരെ തടങ്കൽപ്പായളയത്തിലേക്ക് അയയ്ക്കണം. ഖുർആൻ അവരുടെ മസ്തിഷ്‌കത്തിൽനിന്ന് എടുത്തു കളയണം'- യതി പറഞ്ഞു. 'അംഗീകൃതമല്ലാത്ത' മദ്രസകളെ കുറിച്ച് യുപി സർക്കാർ നടത്തുന്ന സർവേ സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യാ വിഭജനത്തിന്റെ വിത്തുകൾ ഉണ്ടായത് അലീഗറിൽ നിന്നാണെന്ന് യതി ആരോപിച്ചു. യൂണിവേഴ്‌സിറ്റി ബോംബു വച്ച് തകർക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന്റെ പേരിലുള്ള നിയമനടപടികളെ കുറിച്ച് ഭയപ്പെടുന്നില്ല. താനീപ്പറയുന്നതിന് കേസു വരാം. വരട്ടെ- അദ്ദേഹം വെല്ലുവിളിച്ചു. പരാമർശങ്ങൾക്കെതിരെ പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെയാണ് യതി പങ്കെടുത്ത ചടങ്ങ് നടന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കുൽദീപ് സിങ് ഗുണാവാത്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇരു സമുദായങ്ങൾക്കുമിടയിൽ സ്പർധ വളർത്തുക അടക്കമുള്ള ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ, ഹരിദ്വാറിൽ വച്ച് മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത നേതാവാണ് യതി നരസിംഹാനന്ദ്. ജനുവരി 15ന് നടത്തിയ പരാമർശത്തിൽ ജയിലിലായ ഇദ്ദേഹത്തിന് ഫെബ്രുവരി ഏഴിന് ജാമ്യം കിട്ടിയിരുന്നു. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന ഒത്തുചേരലുകളിൽ പങ്കെടുക്കരുത് എന്ന ഉപാധിയോ െആയിരുന്നു ജാമ്യം.

ഇതിന് ശേഷം, ഏപ്രിൽ 17ന്, ഹിമാചലിലെ ഉനയിൽ മറ്റൊരു പ്രകോപന പ്രസംഗവും ഇദ്ദേഹം നടത്തിയിരുന്നു. ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകാതിരിക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കണമെന്നായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയാണ് യതി നരസിംഹാനന്ദ്.

Similar Posts