യെച്ചൂരി; ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി രാജ്യത്തെ നിരന്തരം ഓർമ്മിപ്പിച്ച നേതാവ്
|ബിജെപിയെ നേരിടാൻ ഇതര പാർട്ടികളെ ഒരേ മുന്നണിയിൽ എത്തിച്ച് ഇൻഡ്യ സഖ്യം സാക്ഷാത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനി
ഡൽഹി: ബംഗാളിലെ ചരിത്രപരമായ അധികാര നഷ്ടവും നരേന്ദ്ര മോദിയുടെ സർക്കാർ രൂപീകരണവും സിപിഎമ്മിനെ വേട്ടയാടിയ കാലത്താണ് സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. എംപിമാരുടെ എണ്ണം കുറഞ്ഞെങ്കിലും ഇടത് പക്ഷത്തിന്റെ ദേശീയ പ്രസക്തി രാജ്യത്തെ നിരന്തരം ഓർമ്മിപ്പിച്ച നേതാവായിരുന്നു. ബിജെപി ഇതര പാർട്ടികളെ ഒരേ മുന്നണിയിൽ എത്തിച്ചു ഇൻഡ്യ സഖ്യം സാക്ഷാത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാന പങ്ക് വഹിച്ചതും സീതാറാം യെച്ചൂരിയായിരുന്നു
സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി ആയ ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചരിത്രപരമായ തോൽവിയാണു സിപിഎം ഏറ്റുവാങ്ങിയത്. 2019 ഇൽ അഞ്ച് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ അഞ്ചരപതിറ്റാണ്ടിൽ ആദ്യമായി പാർട്ടി ഒറ്റക്കത്തിലായി. എന്നാൽ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ ദേശീയ തലത്തിൽ സിപിഎമിനെ ഒരിടത്തും മാറ്റി നിർത്തിയിട്ടില്ല.
അതിന് പ്രധാന കാരണം ഭരണ പക്ഷത്തും പ്രതിപക്ഷത്തും മതിപ്പുള്ള അമരക്കാരൻ ആ പാർട്ടിക്ക് ഉണ്ട് എന്നത് തന്നെയായിരുന്നു. ശരദ് പവാറിനോടും അരവിന്ദ് കെജ്രിവാളിനോടും അഖിലേഷ് യാദവിനോടും ഒരേപോലെ സംസാരിക്കാനും , ബിജെപിക്കെതിരെ ഇവരെ കണ്ണി ചേർത്തു നിർത്താനും കഴിഞ്ഞത് യെച്ചൂരിയുടെ നേട്ടമായിരുന്നു.
പ്രതിപക്ഷ നിരയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഏറ്റവും വിശ്വസിച്ചത് സീതാറാം യെച്ചൂരിയെ തന്നെ. ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിനെ കൈവിട്ടപ്പോഴും സഖ്യ സാധ്യത ഉപയോഗിച്ച് ബിഹാറിലും അസമിലും സിപിഎം അക്കൗണ്ട് തുറന്നു.
കേരളത്തിലും ബംഗാളിലും ലോക്സഭാ തെരെഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടാപ്പോഴും രാജസ്ഥാനിലാദ്യമായി ഒരംഗം സിപിഎം പ്രതിനിധിയായി ജയിച്ചു കയറി. പാർട്ടി അംഗങ്ങൾ , അനുഭാവികൾ, ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കിടയിലും ഏറെ സ്വാധീനമുള്ള നേതാവായിരുന്നു ഈ ആന്ധ്രക്കാരൻ.
2015 ഇൽ വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്കെതിരെ എസ്.രാമചന്ദ്രൻ പിള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ആദ്യം കരുതിയത്. ബഹുജനങ്ങൾക്കിടയിലെ യെച്ചൂരിയുടെ സ്വീകാര്യത തിരിച്ചറിഞ്ഞാണ് എസ്ആർപി അന്ന് മാറിനിന്നത്. ഹർകിഷൻ സിങ് സുർജിത്തിനു ശേഷം സിപിഎമ്മിന് ദേശീയ തലത്തിൽ ഏറെ പെരുമ നേടി നൽകിയ തലയെടുപ്പുള്ള നേതാവാണ് വിടവാങ്ങിയത്.
സിപിഎമ്മിനോ ഇടത് പക്ഷത്തിനോ മാത്രമല്ല പ്രതിപക്ഷ നേതൃനിരയിൽ സീതാറാമിന്റെ അഭാവം, വരുംകാലവും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും