മഥുരയില്‍ മാംസ, മദ്യ വ്യാപാരത്തിന് വിലക്ക്; പകരം പാൽക്കച്ചവടത്തിനിറങ്ങണമെന്ന് യോഗി
|ലക്നോവിൽ കൃഷ്ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം.
ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തിനും ഇറച്ചിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ പാൽക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു.
ലക്നോവിൽ കൃഷ്ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം. കൃഷ്ണനെ ഉപാസിച്ചാൽ കോവിഡ് വ്യാപനം കുറയുമെന്ന് അവകാശപ്പെട്ട യോഗി വൈറസ് ഇല്ലാതാക്കാൻ പ്രാർഥന നടത്തുകയും ചെയ്തു.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതിയ ദിശ നൽകിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങൾ ഇപ്പോൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേൻ ചൗധരി, ശ്രീകാന്ത് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.