കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു; കർഷക നിയമം പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്
|ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലാണ് നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
''കർഷകരുമായി എല്ലാ തലത്തിലുമുള്ള ചർച്ചകൾക്ക് ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ കാരണം നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു''-ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആദിത്യനാഥ് പറഞ്ഞു.
ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലാണ് നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ടത് യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപോർട്ടുകളുണ്ടായിരുന്നു.