പുലിക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി യോഗി ആദിത്യനാഥ്; വൈറലായി വീഡിയോ
|ആദ്യം മടിച്ചെങ്കിലും പിന്നീടാണ് പാലുകുടിക്കാൻ തയ്യാറായത്
ലഖ്നൗ: ഗോരഖ്പൂർ മൃഗശാലയിലെ പുലിക്കുഞ്ഞിന് പാലുകൊടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാലുകൊടുക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ന്ഗോരഖ്പൂർ മൃഗശാലയിൽ യോഗി പരിശോധന നടത്തിയിരുന്നു. ആ സന്ദർശനത്തിനിടെയാണ് പുലിക്കുട്ടിക്ക് പാല് കൊടുത്തത്. ആദ്യം പാലുകുടിക്കാൻ മടിച്ചെങ്കിലും പിന്നീട് മൃഗഡോക്ടർ പുലിക്കുട്ടിയെ യോഗി ആദിത്യനാഥിന്റെ അടുത്തേക്ക് കൊണ്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഓറഞ്ച് റബ്ബർ കൈയുറകൾ ധരിച്ചാണ് യോഗി പാലുകൊടുത്തത്.
പ്രാദേശിക എംപി രവി കിഷൻ അരികിലും മൃഗഡോക്ടർമാരും മൃഗശാല ഉദ്യോഗസ്ഥരും യോഗിക്ക് സമീപമുണ്ടായിരുന്നു. തുടർന്ന് മൃഗശാലയുടെ പരിസരം മുഖ്യമന്ത്രി ചുറ്റികാണുന്നുണ്ട്. മൃഗശാലയിലെ ഉദ്യോഗസ്ഥൻ ചുറ്റുപാടുകളെ കുറിച്ചും മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മുഖ്യമന്ത്രിക്ക് വിശദീകരിച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം.
യുപി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ മൃഗശാല കഴിഞ്ഞ വർഷം മാർച്ചിൽ യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശിലെ മൂന്നാമത്തേതും പൂർവാഞ്ചൽ മേഖലയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണിത്.