യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; കേസെടുത്തു
|112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് ഭീഷണി മുഴക്കിയത്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് ഭീഷണി മുഴക്കിയത്.
റിഹാന്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുപി ആന്‍റി ടെറർ സ്ക്വാഡ് (എടിഎസ്) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോളിന് പുറമെ, വിളിച്ചയാൾ യുപി പൊലീസിന്‍റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചു.വിളിച്ചയാളുടെ ഡിപിയിൽ 'അല്ലാഹ്' എന്ന് എഴുതിയ ഫോട്ടോ ഉണ്ടായിരുന്നു. യോഗിയെ ഉടന്‍ കൊല്ലുമെന്നായിരുന്നു സന്ദേശമെന്ന് പൊലീസ് പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ പൊലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പറാണ് 112.
കഴിഞ്ഞ ആഴ്ച യോഗിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ബാഗ്പത് പൊലീസ് കേസെടുത്തു. ജാർഖണ്ഡിൽ നിന്നുള്ള അമൻ രാജയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന പോസ്റ്റ് അമൻ രാജ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ഫെബ്രുവരിയില്‍ യോഗി ആദിത്യനാഥിന്‍റെ ലഖ്നൗവിലെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. വീടിന് മുന്നിൽ നിന്ന് ബോംബ് കണ്ടെത്തിയെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.