വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ കാണാനെത്തി യോഗി; കാലില്‍ തൊട്ടു അനുഗ്രഹം തേടി
|നീണ്ട ഇടവേളക്ക് ശേഷം മകനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷത്തില്‍ അമ്മ വികാരധീനയായി
ലക്നൗ: മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായി അമ്മയെ കാണാന്‍ യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള വീട്ടിലെത്തി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമ്മയെ കാണാന്‍ ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള തറവാട്ടിലെത്തി. അമ്മ സാവിത്രി ദേവിയെ കണ്ട യോഗി അമ്മയുടെ കാല്‍ തൊട്ടുവണങ്ങി അനുഗ്രഹം തേടി. നീണ്ട ഇടവേളക്ക് ശേഷം മകനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷത്തില്‍ അമ്മ വികാരധീനയായി. അമ്മയെ കണ്ടുമുട്ടിയതിന്‍റെ ചിത്രം യോഗി 'മാ' എന്ന അടിക്കുറിപ്പോടെ യോഗി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
2020 ഏപ്രിലില്‍ കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷത്തില്‍ അദ്ദേഹത്തെ ഒരു നോക്കു കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ ഓര്‍ത്താണ് പോകാതിരുന്നതെന്ന് യോഗി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച നടക്കുന്ന അനന്തരവന്‍റെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി തറവാട്ട് വീട്ടിലെത്തിയത്. 28 വർഷത്തിന് ശേഷം ആദ്യമായാണ് ആദിത്യനാഥ് കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്‌കൂളിലാണ് ഒമ്പതാം ക്ലാസ് വരെ പഠിച്ചത്. വ്യാഴാഴ്ച ഹരിദ്വാറിലെത്തുന്ന മുഖ്യമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
माँ pic.twitter.com/3YA7VBksMA
— Yogi Adityanath (@myogiadityanath) May 3, 2022