എരുമ, കാള, സ്ത്രീകൾ... എല്ലാവരും ഇപ്പോഴത്തെ യു.പിയിൽ സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്
|ലഖ്‌നൗവിലെ ബി.ജെ.പി ആസ്ഥാനത്ത് വക്താക്കൾക്കായി നടത്തിയ വർക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു യോഗി
താൻ ഭരണത്തിൽ വരുന്നതിന് മുമ്പ് ഉത്തർപ്രദേശിൽ എല്ലാവരും അസുരക്ഷിതരായിരുന്നുവെങ്കിൽ ഇപ്പോൾ എരുമ, കാള, സ്ത്രീകൾ.. എല്ലാവരും സുരക്ഷിതരാണെന്ന് യോഗി ആദിത്യനാഥ്. അടുത്ത വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായുള്ള കാമ്പയിൻ തുടങ്ങാനിരിക്കെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം.
''മുമ്പ് നമ്മുടെ തൊഴിലാളികളും കുടുംബങ്ങളും എവിടെയെങ്കിലും താമസിക്കുമ്പോൾ സ്ത്രീകളും മറ്റുള്ളവരും തങ്ങൾ സുരക്ഷിതരാണോയെന്ന് ചോദിക്കുമായിരുന്നു. അന്നൊക്കെ നമ്മുടെ പെൺകുട്ടികളും സഹോദരിമാരും അസുരക്ഷിതരായിരുന്നു. പടിഞ്ഞാറൻ യു.പിയിലൂടെ പോകുന്ന എരുമകളും കാളകളും പോലും സുരക്ഷിതമായിരുന്നില്ലാ''യെന്നും ലഖ്‌നൗവിലെ ബി.ജെ.പി ആസ്ഥാനത്ത് വക്താക്കൾക്കായി നടത്തിയ വർക്‌ഷോപ്പിൽ യോഗി പറഞ്ഞു.
പടിഞ്ഞാറൻ യു.പിയിൽ കണ്ട ഈ പ്രവണത അന്ന് കിഴക്കൻ യു.പിയിൽ ഉണ്ടായിരുന്നില്ല. ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്. എരുമ, കാള, സ്ത്രീ... എന്തെങ്കിലും അവർക്ക് ശക്തി ഉപയോഗിച്ച് കടത്താനാകുമോ? ഇതൊരു വ്യത്യാസമല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തായിരുന്നു യു.പിയുടെ സ്വത്വം. എവിടെ കുഴികൾ തുടങ്ങുന്നുവോ അതായിരുന്നു യു.പി. സംസ്‌കാരമുള്ള ആർക്കെങ്കിലും റോഡിലൂടെ രാത്രി നടക്കാനാകുമായിരുന്നോ? ഇന്നെല്ലാം മാറിയെന്ന് യോഗി പറഞ്ഞു.
കിഴക്കൻ യു.പിയിലാണ് യോഗിയുടെ തട്ടകമായ ഖൊരക്പൂരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയും.
'അബ്ബാ ജാൻ' (ഉർദുവിൽ പിതാവ് എന്ന് അർഥം) വിളിക്കുന്നവർക്ക് മാത്രമാണ് 2017 ന് മുമ്പ് സംസ്ഥാനം നൽകുന്ന ഭക്ഷ്യബ്‌സിഡി നൽകിയിരുന്നതെന്ന പ്രസ്താവനയുടെ വിവാദം മാറുന്നതിന് മുമ്പാണ് പുതിയ പ്രസ്താവന.
കുശിനഗറിലെ റേഷൻ നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കൊണ്ടുപോയിരുന്നെന്നും ഇന്ന് പാവങ്ങളുടെ റേഷൻ ആരെങ്കിലും കൊണ്ടുപോയാൽ ജയിലിൽ കിടക്കുമെന്നും ഞായറാഴ്ച കുശിനഗറിൽ നടന്ന പരിപാടിയിൽ ആദിത്യനാഥ് പറഞ്ഞിരുന്നു.
#WATCH | "...Earlier our daughters, sisters felt unsafe. Potholes on roads symbolized UP. Even buffaloes, bulls didn't feel safe. These problems persisted in Western UP, not eastern UP...But it's not the same today. Can you not see the difference...," says CM Yogi Adityanath pic.twitter.com/sytpciJVab
— ANI UP (@ANINewsUP) September 13, 2021