"അവര്‍ ജിന്നയെ പൂജിക്കുമ്പോള്‍ ഞങ്ങള്‍ പട്ടേലിനെ പൂജിക്കുന്നു"; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് യോഗി
|മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് അഖിലേഷ് യാദവ് ജിന്നാ മുദ്രാവാക്യങ്ങൾ മുഴക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്യ
പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകരെ ആഘോഷിക്കുന്നതിന് പകരം പാകിസ്താന്‍ മുന്‍ ഗവർണർ ജനറൽ മുഹമ്മദലി ജിന്നയെയാണ് പ്രതിപക്ഷം ആഷോഷമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
"അവർ ജിന്നയെ പൂജിക്കുമ്പോള്‍ ഞങ്ങൾ സർദാർ വല്ലഭായ് പട്ടേലിനെയാണ് പൂജിക്കുന്നത്"- യോഗി പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ ശത്രു പാകിസ്താനല്ലെന്ന് ഈ അടുത്തിടെ ഒരു യോഗത്തിൽ വച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് അഖിലേഷ് യാദവ് ജിന്നാ മുദ്രാവാക്യങ്ങൾ മുഴക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്യ പറഞ്ഞു.
ഇന്ത്യാഗേറ്റിനടുത്ത് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാനുള്ള കേന്ദ്രതീരുമാനത്തെ വിമർശിച്ചു കൊണ്ട് സമാജ്‍വാദി പാര്‍ട്ടി നേതാവ് ഇംറാൻ മസൂദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ അനുകൂലിച്ച് വിഭജനസമയത്ത് ജിന്നയോടൊപ്പം നിലയുറപ്പിച്ചവർ അദ്ദേഹത്തിന്റെ പ്രതിമ കൂടെ സ്ഥാപിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
അടുത്ത മാസം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ വാഗ്വാദങ്ങളാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയിൽ നടക്കുന്നത്. ഫെബ്രുവരി പത്തിനും മാർച്ച് ഏഴിനുമിടയിൽ ഏഴു ഘട്ടങ്ങളായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.