India
You Have ₹ 15,000 Crore Due Why Only Settle BCCIs Supreme Court To Byjus
India

'15,000 കോടി കടമുണ്ടായിട്ടും എന്തുകൊണ്ടാണ് ബിസിസിഐയുടെ കുടിശ്ശിക മാത്രം തീർത്തത്?'; ബൈജൂസിനോട് സുപ്രിംകോടതി

Web Desk
|
26 Sep 2024 9:48 AM GMT

2019ൽ ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടായിരുന്നു കുടിശ്ശിക.

ന്യൂഡൽഹി: പ്രമുഖ എജ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. പല സ്ഥാപനങ്ങൾക്കായി 15,000 കോടി രൂപ കടം നൽകാനുണ്ടായിട്ടും ബൈജൂസ് എന്തുകൊണ്ടാണ് ബിസിസിഐക്കുള്ള കുടിശ്ശിക മാത്രം തീർക്കാൻ തീരുമാനിച്ചതെന്ന് സുപ്രിംകോടതി ചോദിച്ചു. സ്ഥാപനത്തിനെതിരായ പാപ്പരത്ത നടപടികൾ അവസാനിപ്പിക്കുമ്പോൾ പാപ്പരത്ത അപ്പീൽ ട്രിബ്യൂണലായ എൻസിഎൽഎടി വേണ്ട ആലോചന നടത്തിയില്ലെന്നും കോടതി വിമർശിച്ചു.

ബിസിസിഐയ്ക്ക് നൽകാനുള്ള 158.9 കോടി രൂപ കുടിശ്ശിക തീർപ്പാക്കുന്നതിന് ബൈജൂസിന് ആ​ഗസ്റ്റ് രണ്ടിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. സ്പോൺസർഷിപ്പ് തുക കുടിശ്ശിക വരുത്തിയതായി ചൂണ്ടിക്കാട്ടി ബിസിസിഐ നൽകിയ ഹരജിയിലാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടി തുടങ്ങിയതും പിന്നീട് എൻസിഎൽഎടി ഒത്തുത്തീർപ്പ് വ്യവസ്ഥ അനുവദിച്ചതും. അതോടെ പാപ്പരത്ത നടപടി റദ്ദായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി വിമർശനം.

ട്രിബ്യൂണൽ അനുമതി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് വലിയ ആശ്വാസമായെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. ബൈജൂസിന് വായ്പ നൽകിയ യുഎസ് ആസ്ഥാനമായുള്ള ഗ്ലാസ് ട്രസ്റ്റ് കമ്പനിയായ എൽഎൽസിയുടെ അപ്പീലിൽ കുടിശ്ശിക തീർപ്പാക്കൽ നടപടികൾ ആഗസ്റ്റ് 14ന് സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. സെറ്റിൽമെൻ്റിൻ്റെ ഭാഗമായി ലഭിച്ച തുക പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ ബിസിസിഐയോട് സുപ്രിംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

'കമ്പനി 15,000 കോടി രൂപയുടെ കടത്തിലാണ്. കടത്തിൻ്റെ അളവ് ഏറെ വലുതായിരിക്കുമ്പോൾ, ഒരു പ്രമോട്ടർ തങ്ങൾക്കു മാത്രം പണം നൽകാൻ തയാറായെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ബിസിസിഐക്ക് കഴിയുമോ' എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അപ്പീൽ ട്രിബ്യൂണലിലേക്ക് തിരിച്ചയച്ചേക്കുമെന്ന് ബെഞ്ച് സൂചന നൽകുകയും ചെയ്തു. 'എന്തുകൊണ്ടാണ് ബിസിസിഐയെ മാത്രം തിരഞ്ഞെടുത്ത് അവരുമായി ഒത്തുതീർപ്പുണ്ടാക്കുന്നത്. ട്രിബ്യൂണൽ ഒന്നും ചിന്തിക്കാതെ ഇതെല്ലാം അംഗീകരിക്കുന്നു'- ബെഞ്ച് വിമർശിച്ചു.

ബൈജു രവീന്ദ്രൻ്റെ സഹോദരൻ റിജു രവീന്ദ്രൻ തൻ്റെ സ്വകാര്യ സ്വത്തുക്കളിൽ നിന്നാണ് പണം നൽകിയതെന്നും എൻസിഎൽഎടി പാപ്പരത്ത കേസ് അവസാനിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ബൈജൂസിനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ അഭിഷേക് സിങ്‌വിയുടെയും എൻകെ കൗളിന്റേയും വാദം. ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതേ നിലപാട് സ്വീകരിക്കുകയും ക്രിക്കറ്റ് ബോർഡ് അവകാശവാദം ഉന്നയിച്ചത് ഒരാളുടെ സ്വകാര്യ സ്വത്തുക്കളിൽ നിന്നാണെന്നും പറഞ്ഞു. എന്നാൽ ഇത് കോടതി അം​ഗീകരിച്ചില്ല.

2019ൽ ടീംഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടായിരുന്നു കുടിശ്ശിക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ കരാർ പ്രകാരം, ടീമിൻ്റെ കിറ്റിൽ ബ്രാൻഡ് പ്രദർശിപ്പിക്കാനുള്ള പ്രത്യേക അവകാശത്തിനായി കമ്പനി സ്പോൺസർഷിപ്പ് തുക നൽകണമായിരുന്നു. 2022 പകുതി വരെ പണം നൽകിയിരുന്നെങ്കിലും അതിനുശേഷം ബാക്കിയുള്ള 158.9 കോടി രൂപ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. 2022 ഒക്ടോബർ മുതൽ 2023 വരെയുള്ള കുടിശ്ശികയായിരുന്നു ബിസിസിഐയ്ക്ക് നൽകാനുണ്ടായിരുന്നത്. ഇതോടെയാണ് ബിസിസിഐ നടപടിക്ക് പോയതും ട്രിബ്യൂണൽ അനുമതി പ്രകാരം കുടിശ്ശിക തീർത്തതും പിന്നാലെ സുപ്രിംകോടതി തടഞ്ഞതും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ വലയുന്ന ബൈജൂസിൽ ജീവനക്കാർക്ക് നൽകാനുള്ള ജൂലൈയിലെ ശമ്പളവും മുടങ്ങിയിരുന്നു. ഏകദേശം അഞ്ച് ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.





Similar Posts