'മോദിക്ക് മുന്നിലെന്നല്ല, സഭയിൽ ആർക്ക് മുന്നിലും സ്പീക്കർ തലകുനിക്കേണ്ട'; ഓം ബിർളയ്ക്ക് രാഹുലിന്റെ വിമർശനം
|മുതിർന്നവരെ ബഹുമാനിക്കുന്നതാണ് തന്റെ സംസ്‌കാരം എന്നായിരുന്നു രാഹുലിന് ഓം ബിർളയുടെ മറുപടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ തലകുനിച്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ സ്പീക്കറേക്കാൾ വലുതായി ആരുമില്ലെന്നും സഭയിലെ എല്ലാവരും സ്പീക്കർക്ക് മുന്നിലാണ് തലകുനിക്കേണ്ടതെന്നുമായിരുന്നു രാഹുലിന്റെ ഓർമപ്പെടുത്തൽ. പ്രതിപക്ഷ നേതാവായ ശേഷം ലോക്‌സഭയിൽ നടത്തിയ കന്നിപ്രസംഗത്തിലാണ് രാഹുൽ വിമർശനമുന്നയിച്ചത്.
ലോക്‌സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വേളയിലെ ഓം ബിർളയുടെ സമീപനമായിരുന്നു രാഹുലിന്റെ വിമർശനത്തിന് ആധാരം. തനിക്ക് ഹസ്തദാനം നൽകിയപ്പോൾ നിവർന്നു നിന്ന സ്പീക്കർ, പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകിയപ്പോൾ തലകുനിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി. സ്പീക്കറും ഓം ബിർള എന്ന വ്യക്തിയും രണ്ടാണെന്ന് ഓർമപ്പെടുത്താനും രാഹുൽ മറന്നില്ല.
രാഹുലിന്റെ വാക്കുകൾ:
'ഞാൻ അങ്ങേയ്ക്ക് ഹസ്തദാനം നൽകിയപ്പോഴും മോദിജി ഹസ്തദാനം നൽകിയപ്പോഴും ഒരു വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. എനിക്ക് മുന്നിൽ നിവർന്നു നിന്ന താങ്കൾ മോദിജിക്ക് മുന്നിൽ തലകുനിച്ചു. ഞങ്ങളൊരുമിച്ചാണ് അങ്ങയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചത്. ലോക്‌സഭയിൽ അങ്ങയുടേതാണ് അവസാനവാക്ക്. അങ്ങ് പറയുന്നതെന്തോ അതാണ് ഇന്ത്യൻ ഭരണഘടനയെ വിശദീകരിക്കുക. സഭയിൽ സ്പീക്കർ ആർക്ക് മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. സഭയിൽ അങ്ങേയ്ക്കാണ് പ്രാധാന്യം. ഞങ്ങളാണ് അങ്ങേയ്ക്ക് മുന്നിൽ തലകുനിക്കേണ്ടത്'
എന്നാൽ തന്റെ സംസ്‌കാരം അങ്ങനെയല്ല എന്നായിരുന്നു രാഹുലിന് ഓം ബിർളയുടെ മറുപടി. മുതിർന്നവരെ ബഹുമാനിക്കാനാണ് താൻ പഠിച്ചിരിക്കുന്നതെന്നും ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അതങ്ങനെ ആയിരിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സഭയിൽ ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്ന പ്രസംഗമാണ് ഇന്ന് രാഹുൽ ഗാന്ധി നടത്തിയത്. മണിപ്പൂർ സംഘർഷം ആവർത്തിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും കർഷക, നീറ്റ്, അഗ്‌നിപഥ് വിഷയങ്ങൾ ഉയർത്തിയുമായിരുന്നു രാഹുലിന്റെ പ്രസംഗം. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെട്ടെന്നും അതിന് അയോധ്യതന്നെ ബി.ജെ.പിക്ക് മറുപടി നൽകിയെന്നും രാഹുൽ വിമർശിച്ചു.
ഭരണ ഘടന ഉയർത്തിയാണ് ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീണ്ട പ്രസംഗം രാഹുൽ ഗാന്ധി തുടങ്ങിയത്. പ്രതിപക്ഷ ബഹളവും ഇടപെടലുകളും വകവയ്ക്കാതെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം തുടർന്ന രാഹുൽ ഹിന്ദുവിന്റെ പേരിൽ ബിജെപി അക്രമം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.
ഭയം വിതച്ച മോദിക്ക് അയോധ്യ കൃത്യമായ സന്ദേശം നൽകിയെന്നും തോൽക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അയോധ്യയിൽ മത്സരിക്കാനിരുന്ന മോദി പിൻമാറിയതെന്നും ഫൈസാബാദ് എംപി അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ പറഞ്ഞു
മോദിക്കും അമിത്ഷായ്ക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലേയെന്നും രാഹുൽ ചോദിച്ചു. കർഷകരെ കേന്ദ്രസർക്കാർ ഭയപ്പെടുത്തിയെന്നും തീവ്രവാദികളെന്ന് വിളിച്ചെന്നും കൂട്ടിച്ചേർത്ത രാഹുൽ, നോട്ട് നിരോധനമടക്കം സൂചിപ്പിച്ച് പ്രധാന മന്ത്രിയെ ആവർത്തിച്ച് പരിഹസിച്ചു.
ശിവനെയും, ഗുരുനാനാക്കിനെയും, യേശുക്രിസ്തുവിനെയും ഒപ്പം ഇസ്‌ലാമിക് ചിഹ്നവും ഉയർത്തിയ രാഹുൽ, ശിവന്റ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും കൂട്ടിച്ചേർത്തു. നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോളായിരുന്നു രാഹുൽ ഗാന്ധി കേന്ദ്രത്തിരെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ കരുത്തിന് അടിവരയിട്ടത്.