ഇവിഎമ്മിന്റെ പേരില്‍ അഭിമാനിക്കുകയാണ് വേണ്ടത്; അതൊരു പ്രശ്‌നമല്ല- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
|2004 മുതൽ ഇവിഎം രാജ്യത്ത് നിലവിലുണ്ട്. കൃത്യമായി ഫലങ്ങൾ നൽകുന്ന വോട്ടിങ് യന്ത്രമാണ് ഇവിഎം-മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ഒരു പ്രശ്‌നമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. 2004 മുതൽ രാജ്യത്ത് നിലനിൽക്കുന്നതാണ് ഇവിഎമ്മുകളെന്നും കോടിക്കണക്കിനു വോട്ടർമാർ അത് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ഇവിഎം ഇപ്പോൾ ഒരു പ്രശ്‌നമല്ല. 2004 മുതൽ ഇവിഎം മെഷീനുകൽ രാജ്യത്ത് നിലവിലുണ്ട്. 350 കോടി വോട്ടർമാർ മെഷീൻ ഉപയോഗിക്കുകയും ചെയ്തു. ഇവിഎമ്മിന്റെ കാര്യത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. കൃത്യമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന, കൃത്യമായ സംവിധാനവും വേഗത്തിലുള്ള വോട്ടെണ്ണലുമെല്ലാം ഒരുക്കുന്നതാണ് ഈ യന്ത്രം-സുശീൽ കുമാർ പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ആരംഭിക്കും. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം. യുപിയിൽ ഏഴുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് മൂന്ന്, മാർച്ച് ഏഴ് എന്നിങ്ങനെയാണ് തിയതികൾ. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് തിയതികളിലും വോട്ടെടുപ്പ് നടക്കും.
600 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. പോളിംഗ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യമേർപ്പെടുത്തും.