'ഞങ്ങളും നിങ്ങളും കര്‍ഷകര്‍ക്കൊപ്പം': ജാട്ടുകളെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി അമിത് ഷാ
|'നിങ്ങൾ മുഗളന്മാരോട് യുദ്ധം ചെയ്തു, ഞങ്ങളും പോരാടുകയാണ്' എന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാട്ട് നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഇടഞ്ഞുനില്‍ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബിജെപി എംപി പർവേഷ് വർമയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യു.പി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മറ്റ് മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.
"ബി.ജെ.പി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബി.ജെ.പിയും കര്‍ഷകരുടെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബി.ജെ.പിയും രാജ്യത്തിന്‍റെ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോൾ ഞങ്ങൾ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും, ഞങ്ങൾ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങൾക്ക് വോട്ട് നല്‍കിയിട്ടുണ്ട്"- എന്നാണ് അമിത് ഷാ യോഗത്തില്‍ പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബി.ജെ.പിയെ കൈവിടുമോ എന്ന ആശങ്ക കാരണമാണ് പിന്തുണ തേടി അമിത് ഷാ തന്നെ എത്തിയത്. 'നിങ്ങൾ മുഗളന്മാരോട് യുദ്ധം ചെയ്തു, ഞങ്ങളും പോരാടുകയാണ്' എന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു- "ഞങ്ങൾ കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്താണെന്ന് പറയട്ടെ.. പട്ടാളക്കാർ 'വൺ റാങ്ക് വൺ പെൻഷൻ' ചോദിച്ചു, ഞങ്ങൾ കൊടുത്തു. ഞങ്ങൾ മൂന്ന് ജാട്ട് ഗവർണർമാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 കാരണം 40,000 പേർ മരിച്ചു, മോദി അത് വലിച്ചെറിഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ കർഷകരുടെ 36,000 കോടിയിലധികം വായ്പകൾ തീര്‍പ്പാക്കി. കർഷകരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബി.ജെ.പിക്കും മോദിക്കും അല്ലാതെ ആർക്കാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുക? ഇത്തരമൊരു രാജാവാണ് ഞങ്ങൾക്ക് വേണ്ടത്" എന്നും അമിത് ഷാ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ചരൺ സിങിന് ഭാരതരത്‌നയും ജാട്ടുകൾക്ക് സംവരണവും കേന്ദ്ര, യുപി സർക്കാരുകളിൽ ആനുപാതിക പ്രാതിനിധ്യവും ആവശ്യപ്പെട്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അമിത് ഷാ അനുകൂലമായി പ്രതികരിച്ചെന്നും അവര്‍ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ശേഷിക്കുമ്പോഴാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളെ അമിത് ഷാ കണ്ടത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണുള്ളത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും താങ്ങുവിലയിലെ നിയമനിര്‍മാണം, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍, മരിച്ച കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രം മൗനം തുടരുന്നതില്‍ ജാട്ടുകള്‍ കടുത്ത അതൃപ്തിയിലാണ്. ജനുവരി 31ന് വഞ്ചനാ ദിനം ആചരിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ജാട്ട് സമുദായത്തിന്‍റെ പിന്തുണ ഇത്തവണ സമാജ്‍വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവകാശപ്പെടുന്നുണ്ട്. ചില സര്‍വെ റിപ്പോര്‍ട്ടുകളും ജാട്ട് സമുദായം ബി.ജെ.പിയില്‍ നിന്ന് അകലുന്നതായി സൂചന നല്‍കുന്നു.
Delhi: Union Home Minister Amit Shah's meeting with Jat leaders from UP concludes
— ANI (@ANI) January 26, 2022
"We have demanded Bharat Ratna for (former PM) Chaudhary Charan Singh, reservation for Jats & proportionate representation in Central &UP Govts. The HM has responded positively," an attendee says pic.twitter.com/H1KnjZHqcE