ബിൽക്കീസ് ബാനു കേസിലെ പ്രതികളെയെല്ലാം തൂക്കിലേറ്റണമെന്ന് ഏക ദൃക്സാക്ഷി; ‘ഉറക്കത്തിൽ നിന്നെണീറ്റ് പൊട്ടിക്കരയാത്ത ദിവസങ്ങളില്ല’
|2002 ൽ ഏഴ് വയസുകാരന്റെ കൺമുന്നിൽ വെച്ചാണ് ഉമ്മയെയും സഹോദരിയെയും ഉൾപ്പടെ 14 പേരെ വംശഹത്യാ കേസിലെ പ്രതികൾ കൊന്നു കളഞ്ഞത്
അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും തൂക്കിലേറ്റണമെന്ന് കേസിലെ ഏക ദൃക്സാക്ഷി. ഗുജറാത്ത് വംശഹത്യയിൽ 14 പേരെ കൂട്ടകൊല ചെയ്യുകയും ഗർഭിണിയടക്കം മൂന്ന് പേരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ബിൽക്കീസ് ബാനുകേസിലെ ഒരേയൊരു ദൃക്സാക്ഷിയും ബിൽക്കീസ് ബാനുവിറെ ബന്ധുവുമായ യുവാവാണ് 11 പ്രതികളെയും തൂക്കിലേറ്റുകയോ മരണം വരെ ജയിലിലടക്കുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരിക്കലും അവരെ സ്വതന്ത്രരാക്കരുത്. എന്നാൽ മാത്രമേ അവർ കൊന്നുകളഞ്ഞ മനുഷ്യർക്ക് നീതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഞെട്ടിച്ച 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ ഏഴ് വയസുകാരനായ എന്റെ കൺമുന്നിലിട്ടാണ് ഉമ്മയെയും മൂത്തസഹോദരിയെയും അവർ കൊന്നുകളഞ്ഞത്. 21 വർഷങ്ങൾക്കിപ്പുറം ആ കാഴ്ചകൾ ഇപ്പോഴും എന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് അലറിവിളിക്കാത്തതും പൊട്ടിക്കരയാത്തതുമായ ദിവസങ്ങളില്ല.
എന്റെ പ്രിയപ്പെട്ടവരെ കൊന്നുകളഞ്ഞ പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചത് വലിയ വേദനയുണ്ടാക്കി. അവരെ വീണ്ടും ജയിലിൽ അടക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ ഒരു ആശ്വാസമാണ് നൽകുന്നത്. ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെ പിടികൂടുന്നതിൽ ഏഴ് വയസുകാരന്റെ മൊഴി നിർണായകമായിരുന്നു.
ഉമ്മയും സഹോദരിയുമുൾപ്പടെ ബന്ധുക്കളെ നഷ്ടപ്പെട്ട ഏഴ് വയസുകാരൻ കുറച്ചു കാലം ഗോധ്രയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. തുടർന്ന് കച്ചിലെ ഒരു റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റുകയും, തുടർ വിദ്യാഭ്യാസവും സംരക്ഷണവും ഒരുക്കിയതോടെയാണ് ജീവിതത്തിൽ അദ്ദേഹത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞതെന്നും സാമൂഹികപ്രവർത്തകർ പറഞ്ഞു.
2005-ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് മൊഴി നൽകുകയും, വിസ്താരത്തിനിടെ 11 പ്രതികളിൽ നാല് പേരെ തിരിച്ചറിയുകയും ചെയ്തതായി സാമൂഹികപ്രവർത്തകൻ കൂട്ടിച്ചേർത്തു. ഇപ്പോൾ 28 വയസ് പിന്നിട്ട ഇദ്ദേഹം ഭാര്യക്കും അഞ്ച് വയുസകാരൻ മകനുമൊപ്പം അഹമ്മദാബാദിലാണ് താമസിക്കുന്നത്.
സുപ്രീം കോടതിക്ക് നന്ദി, ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചത് -ബിൽക്കീസ് ബാനു
ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും വിധി വന്ന ജനുവരി എട്ടിന് അവർ പറഞ്ഞു.പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്നെടുത്ത് മാറ്റിയത് പോലുള്ള ആശ്വാസം തോന്നുന്നുവെന്നും സുപ്രീംകോടതിയോട് നന്ദി പറയുന്നുവെന്നും ബിൽക്കിസ് ബാനു പറഞ്ഞു.
ബിൽക്കിസ് ബാനു, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് പ്രതികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിലാണ് നിന്ദ്യമായ ക്രൂരകൃത്യം ചെയ്ത 11 പ്രതികളെ നല്ലനടപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
കൊടുംക്രൂരതയെ അതിജീവിച്ച പോരാട്ട വീര്യം; ഒടുവിൽ ബിൽക്കീസ് ബാനുവിന് നീതി
ന്യൂഡല്‍ഹി: പോരാട്ടത്തിന്റെ മറ്റൊരു പേരാണ് ബില്‍ക്കീസ് ബാനു.. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബത്തെ ഇല്ലാതാക്കുകയും ചെയ്തവര്‍ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും അവരെ ഭരണകൂടം കൂടുതുറന്നുവിടുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നല്‍കിയും സ്വീകരിക്കുന്ന കാഴ്ചയും നാം കണ്ടു..എന്നാല്‍ അത് കണ്ടുനില്ക്കാന് ബില്‍ക്കീസ് ബാനുവിന് കഴിയില്ലായിരുന്നു. തോറ്റ് പിന്മാറാന് ഒരുക്കമല്ലാത്ത അവര്‍ പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരെ വീണ്ടും നിയമ പോരാട്ടത്തിനിറങ്ങി. ഒടുവില്‍ ആ പോരാട്ടത്തിന് നീതിയുടെ വാതില്‍ തുറന്നു.
ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത നടപടി സുപ്രിംകോടതി ജനുവരി ൮ ന് റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി. കുറ്റവാളികൾ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇളവിനായി തെറ്റായ വിവരങ്ങൾ അപേക്ഷയിൽ നൽകിയെന്നും കോടതി കണ്ടെത്തി. പ്രതികള്‍ നല്കിയ റിട്ടും സുപ്രിംകോടതി തള്ളുകയും ചെയ്തു.ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് കുറ്റവാളികളെ ജയിൽ മോചിതരാക്കിയത്. 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്നു കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചു . സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃ പരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമായിരുന്നു ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം.
ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ബില്‍ക്കീസ് ബാനുവിന് വെറും 21 വയസായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണിയും. കലാപകാരികളില്‍ നിന്ന് രക്ഷതേടി വീടുവിട്ട് ഓടുന്നതിനിടെ അക്രമികളുടെ പിടിയിലാകുന്നു. തന്റെ മൂന്നുവയസുള്ള കുഞ്ഞിനെ പാറയിൽ തലയിടിച്ച് കൊലപ്പെടുത്തുന്നതടക്കം കുടുംബത്തിലെ പതിനാലു പേരുടെ അരുംകൊല നോക്കിനിൽക്കേണ്ടി വന്നു അവർക്ക്. ഗർഭിണിയായ ബിൽക്കീസിനെ അവർ കൂട്ടബലാത്സംഗം ചെയ്തു. തന്റെ ശരീരത്ത് എത്രയാളുകൾ കയറിയിറങ്ങി എന്നതിന്റെ കണക്കുപോലും അറിയില്ലെന്ന് അവർ കോടതിയിൽ പറഞ്ഞിരുന്നു. മരിച്ചെന്ന് കരുതിയാണ് അക്രമികൾ ബിൽക്കീസ് ബാനുവിനെ ഉപേക്ഷിച്ച് പോയത്. നിരങ്ങി നീങ്ങിയ അവർ എങ്ങനെയൊക്കെയോ ജീവൻ തിരികെ പിടിക്കുകയായിരുന്നു. സ്വന്തം ഗ്രാമത്തിൽ നിന്നുള്ള ആളുകൾ ആയതിനാൽ അക്രമികളെ തിരിച്ചറിയുന്നതിന് ബിൽക്കീസ് ബാനുവിന് അധികം ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ബില്‍ക്കീസ് ബാനു നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവിരി 21 ന് ഇവരെ ശിക്ഷിച്ചത്. 15 വർഷം തടവ് ശിക്ഷ അനുഭവിച്ചെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ഇതിലാണ് നിയമം പോലും പരിഗണിക്കാതെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പറഞ്ഞിരിക്കുന്നത്.