India
Youngster votes for BJP ‘8 times’ in UP; Akhilesh Yadav and Congress hits out at EC, Elections 2024, Lok Sabha 2024
India

'ബി.ജെ.പിക്ക് എട്ട് വോട്ട്'; അവകാശവാദവുമായി യുവാവിന്റെ സെൽഫി വിഡിയോ-നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

Web Desk
|
19 May 2024 4:57 PM GMT

ഫാറൂഖാബാദ് മണ്ഡലത്തില്‍ വോട്ടറായ യുവാവ് ബി.ജെ.പി സ്ഥാനാർഥിയ മുകേഷ് രജ്പുത്തിനാണ് എട്ടിടത്തും യുവാവ് വോട്ട് ചെയ്തത്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയെയും വെട്ടിലാക്കി പുതിയ വിവാദം. ബി.ജെ.പി സ്ഥാനാർഥിക്കു വേണ്ടി എട്ടു തവണ വോട്ട് ചെയ്‌തെന്ന യുവാവിന്റെ വെളിപ്പെടുത്തലാണു പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. വ്യത്യസ്ത പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യുന്നതിന്റെ സെൽഫി ദൃശ്യങ്ങൾ യുവാവ് തന്നെയാണു പുറത്തുവിട്ടത്. ഇതിനു പിന്നാലെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷനോട് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടറായ യുവാവിന്റെ 2.20 മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. യു.പിയിലെ വോട്ടിങ് നടപടിക്രമങ്ങളുടെ സുതാര്യതയിൽ വലിയ ആശങ്കകളുയർത്തുന്നതാണു വെളിപ്പെടുത്തൽ. ഏഴു തവണ ഒരു തടസവുമില്ലാതെയാണു കള്ളവോട്ട് ചെയ്തത്. ഇതിനു പുറമെ ഉദ്യോഗസ്ഥരുടെ ഒരു ഇടപെടലോ നിയന്ത്രണമോ ഇല്ലാതെ പോളിങ് ബൂത്തുകളിൽനിന്ന് മൊബൈൽ കാമറ ഉപയോഗിച്ച് വിഡിയോ പകർത്തുകയും ചെയ്തിരിക്കുകയാണ് യുവാവ്.

ബി.ജെ.പി സ്ഥാനാർഥി മുകേഷ് രജ്പുത്തിനാണ് എട്ടിടത്തും യുവാവ് വോട്ട് ചെയ്തത്. ഓരോ പോളിങ് ബൂത്തിലും വോട്ടിങ് മെഷീനിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിനുനേരെ ബട്ടൺ അമർത്തുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ചിലയിടങ്ങിൽ വസ്ത്രം മാറിയാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എസ്.പി തലവനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. വിവാദ വിഡിയോ എക്‌സിൽ പങ്കുവച്ച അഖിലേഷ് യുവാവ് ചെയ്തതു തെറ്റാണെന്നു തോന്നുന്നെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി ബൂത്ത് കമ്മിറ്റി ശരിക്കും ലൂട്ട് കമ്മിറ്റി(കൊള്ളസംഘം) ആണെന്ന് അഖിലേഷ് വിമർശിച്ചു.

''പ്രിയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷൻ, ഇതു കാണുന്നുണ്ടോ? ഒരാൾ എട്ടുതവണയാണ് വോട്ട് ചെയ്യുന്നത്. ഉണരാനുള്ള സമയമായിട്ടുണ്ട്''-ഇങ്ങനെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വിഡിയോ പങ്കുവച്ച് കോൺഗ്രസ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും വിഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളിൽ സമ്മർദം ചെലുത്തി ജനവിധി അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് രാഹുൽ വിമർശിച്ചു. ഭരണകൂടത്തിന്റെ സമ്മർദത്തിനു മുന്നിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നാണ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് കോൺഗ്രസിന് ആവശ്യപ്പെടാനുള്ളതെന്ന് അദ്ദേഹം കുറിച്ചു. ഒരുപടി കൂടി കടന്ന് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും മുഴക്കി രാഹുൽ. ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പത്തുവട്ടം ആലോചിച്ചുവേണം ഭരണഘടനാ സത്യവാചകത്തെ അനാദരിക്കാനെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെ യു.പി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടുണ്ട്. വിഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് കമ്മിഷനോട് സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.

യു.പിയിൽ വിവിധ ഘട്ടങ്ങളിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു പുതിയ വിവാദം. മേയ് 13ന് നടന്ന വോട്ടെടുപ്പിൽ ഉൾപ്പെടെ ക്രമേക്കട് നടന്നതായി ആക്ഷേപവുമായി എസ്.പി രംഗത്തെത്തിയിരുന്നു. വോട്ടർമാരെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചില്ലെന്നും സംബാൽ ജില്ലയിലെ മുസ്‌ലിം വോട്ടർമാരെ പൊലീസ് ലാത്തിച്ചാർജ് നടത്തി ഓടിച്ചെന്നുമെല്ലാം ആക്ഷേപമുയർന്നു. ലഖിംപൂർഖേരിയിൽ എസ്.പിയുടെ സൈക്കിൽ ചിഹ്നത്തിൽ വോട്ട് ചെയ്തപ്പോൾ വി.വി.പാറ്റിൽ താമരചിഹ്നം തെളിഞ്ഞതായി പരാതിയുമായി വോട്ടർമാരും രംഗത്തെത്തിയിരുന്നു.

നേരത്തെ, മധ്യപ്രദേശിൽ ബി.ജെ.പി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്ന വിഡിയോയും വലിയ വിവാദമായതാണ്. തലസ്ഥാനമായ ഭോപ്പാലിലെ ബെറാസിയ പോളിങ് ബൂത്തിലായിരുന്നു സംഭവം. ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായ വിനയ് മെഹറിന്റെ മകനാണ് പിതാവിനു പകരം ഇ.വി.എം മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Summary: Youngster votes for BJP ‘8 times’ in UP; Akhilesh Yadav and Congress hits out at EC

Similar Posts