നിങ്ങളുടെ മനസിൽ കിടിലൻ പേരുകളുണ്ടോ? കുനോ ദേശീയ പാർക്കിൽ പിറന്ന ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ അവസരമൊരുക്കി കേന്ദ്ര സർക്കാർ
|'പ്രൊജക്ട് ചീറ്റ'യുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയൻ ചീറ്റകളിൽ ഒന്നായ 'സിയ' കഴിഞ്ഞമാസം 29നാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ഭോപ്പാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ച ചീറ്റകളിലൊന്നിന് പിറന്ന നാല് ചീറ്റക്കുട്ടികൾക്ക് പേരിടാൻ മത്സരം ആരംഭിച്ച് കേന്ദ്ര സർക്കാർ. 70വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ പിറന്ന ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള അവസരമാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ തുറന്നിരിക്കുന്നത്.
പേരിടൽ മത്സരത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കേന്ദ്ര സർക്കാരും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ട്വീറ്റ് ചെയ്തു. ആവേശകരമായ വാർത്തയെന്ന് പറഞ്ഞാണ് കേന്ദ്രത്തിന്റെ മൈ ഗവൺമെന്റ് ഇന്ത്യ എന്ന ട്വിറ്റർ പേജിൽ നിന്നും മത്സരവിവരം പങ്കുവച്ചുള്ള ട്വീറ്റ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പേരിടൽ മത്സരം നടക്കുന്നത്. ഇതിന്റെ ലിങ്ക് ട്വീറ്റുകളിൽ പങ്കുവച്ചിട്ടുണ്ട്.
'കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റക്കുട്ടികൾ പിറന്നു. പേരിടൽ മത്സരത്തിൽ പങ്കെടുത്ത് ഈ കുഞ്ഞുങ്ങൾക്ക് തനതായ പേരുകൾ നിർദേശിക്കുക. അവയോട് നമുക്ക് കുറച്ച് സ്നേഹം കാണിക്കാം'- മൈ ഗവൺമെന്റ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'കുനോയിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള സമയമായി'- ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. 'നിങ്ങൾ നൽകുന്ന പേര് കുനോയിലെ പുതിയ അതിഥികളുടെ ഐഡന്റിറ്റിയാകാം'- എന്നാണ് ശിവരാജ് സിങ് ചൗഹാന്റെ ട്വീറ്റ്.
'പ്രൊജക്ട് ചീറ്റ'യുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയൻ ചീറ്റകളിൽ ഒന്നായ 'സിയ' കഴിഞ്ഞമാസം 29നാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നമീബിയയിൽ നിന്ന് എട്ട്, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 എന്നിങ്ങനെ മൊത്തം 20 ചീറ്റകളെയാണ് ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു.
2022 സെപ്തംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇറക്കുമതി ചെയ്ത് കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്. നാലിനും ആറിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റപ്പുലികളെയും മൂന്ന് ആൺ ചീറ്റപ്പുലികളെയുമാണ് ഇന്ത്യയിലെത്തിച്ചത്. ഈ ചീറ്റപ്പുലികളൊന്നായ 'സാഷ' തിങ്കളാഴ്ച ചത്തിരുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് വൃക്കയിൽ അണുബാധയുണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.