India
മോദിയുള്ളതുകൊണ്ടാണ് നിങ്ങൾ ജീവിച്ചിരിക്കുന്നത്; കോവിഡ് വാക്‌സിന് മോദിയെ പുകഴ്ത്തി ബിഹാർ മന്ത്രി
India

'മോദിയുള്ളതുകൊണ്ടാണ് നിങ്ങൾ ജീവിച്ചിരിക്കുന്നത്'; കോവിഡ് വാക്‌സിന് മോദിയെ പുകഴ്ത്തി ബിഹാർ മന്ത്രി

Web Desk
|
31 July 2022 11:52 AM GMT

കോവിഡ് കാലത്ത് ലോകത്തിന് മാതൃകയായ വിധത്തിൽ രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചതെന്ന് ബിഹാർ മന്ത്രി രാം സൂറത്ത് റായ്.

മുസാഫർപൂർ: കോവിഡ് വാക്‌സിൻ ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാർ റവന്യൂ മന്ത്രിയും ബിജെപി നേതാവുമായ രാം സൂറത്ത് റായ്. കോവിഡ് കാലത്ത് ലോകത്തിന് മാതൃകയായ വിധത്തിൽ രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

''നിങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. കോവിഡ് മഹാമാരിക്കാലത്ത് വാക്‌സിൻ വികസിപ്പിക്കുകയും ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തത് അദ്ദേഹമാണ്''-മുസാഫർപൂരിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ രാം സൂറത്ത് റായ് പറഞ്ഞു.

പലരാജ്യങ്ങളും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളോട് ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. പാകിസ്താനിലെ അവസ്ഥ നമ്മൾ ടെലിവിഷൻ റിപ്പോർട്ടുകളിലൂടെ കാണുന്നുണ്ട്. നമ്മൾ ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 17നകം രാജ്യത്ത് 200 കോടി കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'കോവിഡ് വാക്‌സിനേഷൻ അമൃത് മഹോത്സവ്' എന്ന പേരിൽ ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്.

Similar Posts