അമ്മയുടെ ഓപറേഷനായി പണം വാങ്ങാൻ പോയ 18കാരനെ തല്ലിക്കൊന്നു; ക്രൂരത പൊലീസ് സ്റ്റേഷന് സമീപം
|സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ ബന്ധുക്കളും പ്രദേശവാസികളും റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
നളന്ദ: അമ്മയുടെ ഓപറേഷനായി പണം വാങ്ങാൻ പോയ 18കാരനെ സുഹൃത്തുക്കൾ അടങ്ങുന്ന 20 അംഗ പലിശ സംഘം തല്ലിക്കൊന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ നൂർസാരായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അന്ധാന മോറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ജലാൽപൂർ ഗ്രാമവാസിയായ നിരഞ്ജൻ കുമാറാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി സൂരജ് കുമാർ, ദിനേശ് കുമാർ എന്നീ സുഹൃത്തുക്കൾ പലിശയ്‌ക്ക് പണം വാങ്ങിനൽകാമെന്ന് പറഞ്ഞ് നിരഞ്ജനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാൽ തർക്കത്തിനിടെ അന്ധാനമോറിലെ പ്രഹ്ലാദ്പൂരിൽ വച്ച് യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയും വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുമായിരുന്നു.
ഇതിനിടെ, പരിക്കേറ്റ് റോഡിൽ കിടക്കുന്നതു കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം അടുത്തുള്ള ക്ലിനിക്കിലും പിന്നീട് ബിഹാർഷരീഫ് സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് ആറ് പേർക്കെതിരെ കേസെടുക്കുകയും ദിനേശ് കുമാറടക്കം മൂന്ന് പേരെ പിടികൂടുകയും ചെയ്തു.
നിരഞ്ജന്റെ അമ്മ ബിഹാർഷരീഫിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലാണെന്ന് സഹോദരി പറഞ്ഞു. ഫെബ്രുവരി 11ന് ഡോക്ടർമാർ ഓപ്പറേഷൻ തീയതി നൽകിയിരുന്നു. അമ്മയുടെ ശസ്‌ത്രക്രിയയ്‌ക്കായി, പലിശയ്‌ക്ക് പണം വാങ്ങാനായി സഹോദരൻ ബുധനാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് പോവുകയായിരുന്നു.
പണം വാങ്ങാൻ പോയ സഹോദരനെ അക്രമികൾ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. യുവാവിന്റെ ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും ഇതിനിടെ യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഘം പ്രഹ്ലാദ്പൂരിൽ നിന്ന് അന്ധാന മോറിലേക്ക് കൊണ്ടുവന്ന് ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു എന്ന് ഗ്രാമവാസികൾ പറയുന്നു.
പലിശയ്ക്ക് ഒരു ലക്ഷം രൂപ കടം നൽകാമെന്ന് പറഞ്ഞ് ചില സുഹൃത്തുക്കൾ വിളിച്ചുകൊണ്ടുപോവുകയും തുടർന്ന് തർക്കമുണ്ടായതോടെ 15- 20 പേർ ചേർന്ന് അന്ധാന മോറിന് സമീപം വച്ച് യുവാവിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് സംഭവം നടന്നത്. എന്നാൽ ഇതേക്കുറിച്ച് പൊലീസ് അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിനു പിന്നാലെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. അവർ വ്യാഴാഴ്ച നൂർസാരായ്- ദാനിയാവാൻ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇതോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ ഉടൻ പിടികൂടാമെന്ന് ഉറപ്പുനൽകുകയും കേസെടുത്ത് അന്വേഷണം നടത്തുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന് പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞതത്. തുടർന്ന് യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.