'ജയ് ശ്രീറാം വിളിച്ചില്ല'; ട്രെയിന്‍ യാത്രക്കിടെ യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയതായി പരാതി
|ആരോപണങ്ങൾ നിഷേധിച്ച് പൊലീസ്
മൊറാദാബാദ്: ട്രെയിൻ യാത്രക്കിടെ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാത്തതിന് യുവാവിനെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ച് നഗ്നനാക്കിയതായി പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അസിം ഹുസൈൻ (46) ആണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് പത്മാവത് എക്സ്പ്രസ് ട്രെയിനിൽ ന്യൂഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ഹുസൈനെ ബെൽറ്റ് ഉപയോഗിച്ച് മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. തുടർന്ന് റായ്ബറേലി സ്വദേശി സതീഷ് (23), പ്രത്പഗഢ് സ്വദേശി സൂരജ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് യാത്രക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടെന്നും മൊറാദാബാദിലെ (റെയിൽവേ) സർക്കിൾ ഓഫീസർ ദേവി ദയാൽ പറഞ്ഞു. സംഭവം നടന്ന് ഏകദേശം 24 മണിക്കൂറിന് ശേഷം ശനിയാഴ്ചയാണ് മൊറാദാബാദിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ അക്രമത്തിനിരയായ വ്യക്തി പരാതി നൽകുന്നതെന്നും പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി റെയിൽവേ പൊലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു. 2200 രൂപ പ്രതികൾ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
എന്നാൽ ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള ഹുസൈന്റെ വാദങ്ങൾ തെറ്റാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്.പി ഗുപ്ത പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കി. 'അതേ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ ഹുസൈന്‍ പീഡിപ്പിച്ചുവെന്നാരോപിച്ചു ബഹളം വെച്ചു. കമ്പാർട്ടുമെന്റിനുള്ളിലെ ആളുകൾ ഹുസൈനുമായി തർക്കമുണ്ടായെന്നും കുറച്ച് യാത്രക്കാർ ഹുസൈനെ മർദിച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ട്രെയിൻ കമ്പാട്ട്‌മെന്റിലെത്തിയപ്പോൾ ഹുസൈനെയും പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന യുവതിയെയും കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഹുസൈനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന് വലിയ പരിക്കുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.