'ആളെക്കൂട്ടാൻ മനപ്പൂർവം അപകീർത്തി പറഞ്ഞു പരത്തുന്നു'; യൂട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
|ചില യൂട്യൂബ് ചാനലുകൾ സമൂഹത്തിന് ശല്യമാണെന്നും കോടതി
ചെന്നൈ: ചില യൂട്യൂബ് ചാനലുകൾ തങ്ങളുടെ സബ്സ്‌ക്രിപ്ഷൻ കൂട്ടാൻ വേണ്ടി മാത്രം അപകീർത്തികരമായ ഉള്ളടക്കം പരത്തുന്നെന്ന വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇത്തരം ചാനലുകൾ സമൂഹത്തിന് ശല്യമാണെന്നും ഹൈക്കോടതി ജസ്റ്റിസ് കെ.കുമരേഷ് ബാബു പറഞ്ഞു. ഇവ നിയന്ത്രിക്കാൻ സർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചെന്ന് അവധിക്കാല ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് കെ കുമരേഷ് ബാബു പറഞ്ഞു.
അപകീർത്തികേസിൽ മുൻകൂർ ജാമ്യം തേടിയ യൂട്യൂബറായ ജി ഫെലിക്സ് ജെറാൾഡ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. യൂട്യൂബർ സവുക്കു ശങ്കറുമായി ഫെലിക്സ് ജെറാൾഡ് നടത്തിയ അഭിമുഖം ഏറെ വിവാദമായിരുന്നു. സവുക്കു ശങ്കർ തമിഴ്നാട്ടിലെ വനിതാ പൊലീസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. നിരവധി പരാതികൾ ലഭിച്ചതിനെതുടർന്ന് ശങ്കറിനും ഫെലിക്‌സ് ജെറാൾഡിനുമെതിരെ കോയമ്പത്തൂർ സൈബർ ക്രൈം സെൽ കേസെടുക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ സവുക്കു ശങ്കറിനെ മെയ് നാലിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ സവുക്കു ശങ്കര്‍ ഇപ്പോള്‍ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടി ഫെലിക്സ് ജെറാൾഡ് കോടതിയെ സമീപിച്ചത്.
'ഇതിനെയാണോ നിങ്ങൾ അഭിമുഖം എന്ന് വിളിക്കുന്നത്? അഭിമുഖം നടത്തുന്ന വ്യക്തി അപകീർത്തികരമായ പ്രസ്താവനകൾ നടത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയല്ലേ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നും കോടതി ചോദിച്ചു. തൻ്റെ കക്ഷി കഴിഞ്ഞ 25 വർഷമായി മാധ്യമപ്രവർത്തകനാണെന്ന് ഫെലിക്‌സ് ജെറാൾഡിന്‍റെ അഭിഭാഷകൻ വാദിച്ചു.എന്നാല്‍ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ പ്രേരിപ്പിച്ചതിന് ഇയാളെ കേസിലെ ഒന്നാം പ്രതിയാക്കണമായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ മറുപടി.