India
YouTuber Dhruv Rathee
India

'കൈക്കൂലി നിയമവിധേയമാക്കി'; യുപി സര്‍ക്കാരിന്‍റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് ധ്രുവ് റാഠി

Web Desk
|
29 Aug 2024 3:11 AM GMT

സാമ്പത്തിക ലാഭത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രചരിപ്പിക്കുന്നവരെ നാണം കെടുത്തണമെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു

മുംബൈ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് യുട്യൂബര്‍ ധ്രുവ് റാഠി. സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഇന്‍ഫ്ലുവന്‍‌‌സര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ വരെ നേടാം. എന്നാല്‍ ' കൈക്കൂലി നിയമവിധേയമാക്കി ' എന്നാണ് ധ്രുവ് പുതിയ സോഷ്യല്‍മീഡിയ പോളിസിയെ വിശേഷിപ്പിച്ചത്.

നികുതിദായകരുടെ പണം സര്‍ക്കാരിന്‍റെ പുതിയ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് പ്രചരിപ്പിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നും ഇന്‍ഫ്ലുവന്‍സര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രചരിപ്പിക്കുന്നവരെ നാണം കെടുത്തണമെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു. "സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് 8 ലക്ഷം രൂപ വരെ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പറയുന്നു. ഇത് നിയമവിധേയമായ കൈക്കൂലിയാണ്. നികുതിദായകൻ്റെ പണത്തിൽ നിന്നാണ് ഇത് കൊടുക്കുന്നത്. പണം സ്വീകരിക്കുന്ന ഏതൊരു ഇന്‍ഫ്ലുവന്‍സറെയും പരസ്യമായി നാണം കെടുത്തണം'' ധ്രുവ് റാഠി എക്സില്‍ കുറിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം.

ഇന്‍ഫ്ലുവന്‍സര്‍മാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസത്തിൽ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക.

യൂട്യൂബ് അക്കൗണ്ടുകൾക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തിൽ നൽകുക. അതേസമയം, ദേശവിരുദ്ധ കണ്ടന്‍റുകള്‍, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്‍റുകൾ നിർമിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. കണ്ടന്‍റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങൾ കൈമാറുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിക്കുന്നു.

യുട്യൂബില്‍ 24 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുട്യൂബറാണ് ധ്രുവ് റാഠി. ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 12 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും രാഠിക്കുണ്ട്. മോദിക്കു നേരെയും ബി.ജെ.പി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുള്ള ധ്രുവ് റാഠിയുടെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് കാഴ്ചക്കാരെ കൂട്ടുന്നത്.

Similar Posts