India
സി.എ.എക്കെതിരെ പ്രതികരിച്ചതിന് പ്രതികാര നടപടി?: യൂട്യൂബര്‍ കാള്‍ റോക്കിന് ഇന്ത്യയിലേക്ക് യാത്രാവിലക്ക്
India

'സി.എ.എക്കെതിരെ പ്രതികരിച്ചതിന് പ്രതികാര നടപടി?': യൂട്യൂബര്‍ കാള്‍ റോക്കിന് ഇന്ത്യയിലേക്ക് യാത്രാവിലക്ക്

ijas
|
10 July 2021 3:46 PM GMT

ഹിന്ദിയിലും ഇംഗ്ലീഷിലും ട്രാവല്‍ യൂ ട്യൂബ് വീഡിയോകള്‍ ചെയ്യുന്ന കാള്‍ റോക്കിന് 18 ലക്ഷം സബ്സ്ക്രൈബേഴ്സാണ് യൂ ട്യൂബിലുള്ളത്

ന്യൂസിലാന്‍റില്‍ നിന്നുള്ള പ്രമുഖ യൂട്യൂബര്‍ കാള്‍ റോക്കിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് കാള്‍ റോക്കിന് ഇന്ത്യയില്‍ പ്രവേശനം വിലക്കിയത്. ഇന്ത്യക്കാരിയെ വിവാഹം കഴിച്ച കാള്‍ റോക്കിനെ വിസാലംഘനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. യൂ ട്യൂബ് വീഡിയോയിലൂടെ കാള്‍ റോക്ക് തന്നെയാണ് ഇന്ത്യയില്‍ യാത്രാവിലക്ക് നേരിടുന്ന കാര്യം അറിയിച്ചത്. 'എന്ത് കൊണ്ടാണ് ഞാന്‍ എന്‍റെ ഭാര്യയെ കഴിഞ്ഞ 269 ദിവസങ്ങളായി കാണാതിരുന്നത്', എന്ന ടൈറ്റിലിലാണ് കാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ദുബൈ ഇന്ത്യന്‍ ഹൈകമ്മീഷനാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത കാര്യം കാളിനെ അറിയിക്കുന്നത്.

അതിനിടയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിലെ പ്രതികാര നടപടിയാണ് കേന്ദ്രത്തിന്‍റേത് എന്ന വിമര്‍ശനവും നെറ്റിസണ്‍സ് ഉയര്‍ത്തുന്നുണ്ട്. 2019 മെയില്‍ കാള്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം വരുന്നത്.

അതെ സമയം കാള്‍റോക്കിന്‍റെ ഭാര്യ മനീഷ കേന്ദ്ര നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നാണ് മനീഷ കോടതിയെ അറിയിച്ചത്. അഭിമാനകരമായ ജീവിതം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് മനീഷ കോടതിയില്‍ വാദിച്ചു. കേസില്‍ അടുത്ത ആഴ്ച്ച കോടതി വാദം കേള്‍ക്കും.

ഹിന്ദിയിലും ഇംഗ്ലീഷിലും ട്രാവല്‍ യൂ ട്യൂബ് വീഡിയോകള്‍ ചെയ്യുന്ന കാള്‍ റോക്കിന് 18 ലക്ഷം സബ്സ്ക്രൈബേഴ്സാണ് യൂ ട്യൂബിലുള്ളത്. 2019 ഏപ്രിലിലാണ് കാള്‍ ഡല്‍ഹിക്കാരിയായ മനീഷ മാലികിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം വിസാകാലാവധി 2024 മെയ് വരെ ദീര്‍ഘിപ്പിച്ച് പ്രത്യേകമായി തന്നെ ഇന്ത്യയില്‍ തങ്ങാനുള്ള അനുമതി കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ വിസാ നിയമങ്ങള്‍ കാള്‍ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായാണ് അദ്ദേഹം വിശദീകരിക്കുന്നത്. സംഭവത്തില്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ ടാഗ് ചെയ്തു കൊണ്ട് കാള്‍ ട്വീറ്ററില്‍ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്.

Similar Posts