ക്ഷേത്ര പുനരുദ്ധാരണത്തിനെന്ന് പറഞ്ഞ് പണപ്പിരിവിലൂടെ 40 ലക്ഷം തട്ടി, യൂട്യൂബർ കാർത്തിക് ഗോപിനാഥ് അറസ്റ്റിൽ; പ്രതിഷേധവുമായി ബി.ജെ.പി
|കാർത്തിക്കിന് നിയമസഹായം നൽകുമെന്ന് തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് എച്ച്. രാജ അറിയിച്ചു. വിരാട് ഹിന്ദുസ്ഥാൻ സംഘം പ്രവർത്തകന്റെ അറസ്റ്റിനെതിരെ പരാതി നൽകുമെന്ന് ബി.ജെ.പി മുൻ രാജ്യസഭാ അംഗം സുബ്രമണ്യൻ സ്വാമി പ്രതികരിച്ചു
ചെന്നൈ: ക്ഷേത്രത്തിന്റെ പേരിൽ ധനസമാഹരണം നടത്തി പണം തട്ടിയ കേസിൽ പ്രസിദ്ധ യൂട്യൂബറും സംഘ്പരിവാർ അനുഭാവിയുമായ എസ്. കാർത്തിക് ശങ്കർ അറസ്റ്റിൽ. ക്ഷേത്ര നവീകരണത്തിനെന്നു പറഞ്ഞ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ ധനസമാഹരണത്തിൽനിന്ന് ലഭിച്ച 40 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.
യൂട്യൂബ് വിഡിയോകളിലൂടെ കടുത്ത ഡി.എം.കെ വിമർശനം നടത്തി ദേശീയശ്രദ്ധ നേടിയയാളാണ് കാർത്തിക് ഗോപിനാഥ്. 'ഇളയ ഭാരതം' എന്ന പേരിലുള്ള ഇയാളുടെ യൂട്യൂബ് അക്കൗണ്ടിന് 2.08 സബ്‌സ്‌ക്രൈബർമാരുണ്ട്. സിരുവച്ചൂരിലെ അരുൾമിഗു മധുര കാളിയമ്മൻ തിരുകോവിലിന്റെ പുനരുദ്ധാരണത്തിനെന്നു പറഞ്ഞാണ് 32കാരൻ പൊതുജനങ്ങളിൽനിന്ന് പണം ശേഖരിച്ചത്. മിലാപ് ഫണ്ട്‌റൈസിങ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു ധനസമാഹരണം.
കാളിയമ്മൻ ക്ഷേത്രത്തിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്രതിമകളുടെ പുനരുദ്ധാരണത്തിനെന്നു പറഞ്ഞായിരുന്നു പണം പിരിച്ചത്. തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണ ചുമതലയുള്ള ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്(എച്ച്.ആർ ആൻഡ് സി.ഇ) വകുപ്പിന്റെ അനുമതിയില്ലാതെയാണ് പണപ്പിരിവ് നടത്തിയതെന്ന് കാളിയമ്മൻ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം സമാഹരിച്ച തുക ക്ഷേത്രത്തിനു നൽകാതെ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അവാടി സൈബർ സെല്ലാണ് കാർത്തികിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406(ക്രിമിനൽ വിശ്വാസവഞ്ചന), 420(തട്ടിപ്പ്), ഐ.ടി ആക്ട് 66-ഡി(കംപ്യൂട്ടർ സ്രോതസുകൾ ഉപയോഗിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ്) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കാർത്തികുള്ളത്.
അതേസമയം, അറസ്റ്റിൽ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ദേശീയവാദിയായ യൂട്യൂബർക്കൊപ്പം നിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമല പറഞ്ഞു. കാർത്തിക്കിന് നിയമസഹായം നൽകുമെന്ന് മുതിർന്ന നേതാവ് എച്ച്. രാജയും അറിയിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവും മുൻ രാജ്യസഭാ അംഗവും വിരാട് ഹിന്ദുസ്ഥാൻ സംഘം(വി.എച്ച്.എസ്) അധ്യക്ഷനുമായ സുബ്രമണ്യൻ സ്വാമി അറസ്റ്റിനെ അപലപിച്ചു. യുവ വി.എച്ച്.എസ് പ്രവർത്തകനായ കാർത്തിക് ഗോപിനാഥിന്റെ അറസ്റ്റിനെതിരെ പരാതി നൽകുമെന്ന് സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
Summary: Rightwing YouTuber Karthik Gopinath held for collecting Rs 40 lakh under guise of renovating temple statues