India
Youtuber Savukku Shankar arrested again over remark on freedom fighters
India

സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ അപകീർത്തി പരാമർശം; യൂട്യൂബർ സവുക്കു ശങ്കർ വീണ്ടും അറസ്റ്റിൽ

Web Desk
|
4 Aug 2024 5:26 AM GMT

ഇയാൾക്കെതിരെ തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, നീല​ഗിരി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചെന്നൈ: സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ തമിഴ് യൂട്യൂബർ സവുക്കു ശങ്കർ വീണ്ടും അറസ്റ്റിൽ. വനിതാ പൊലീസുകാർക്കെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ മുമ്പ് അറസ്റ്റിലായ ശങ്കർ നിലവിൽ ജയിലിലാണ്. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ്.

സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി മുത്തു എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പരാതിയിൽ ശങ്കറിനെതിരെ ജൂലൈ 15ന് കേസെടുത്ത പൊലീസ്, ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശങ്കറിനെ ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരെ തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, നീല​ഗിരി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസമാണ്, വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ കോയമ്പത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാ എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേനിയിൽ നിന്നാണ് പൊലീസ് ശങ്കറിനെ പിടികൂടിയത്. ഒരു ഓൺലൈൻ അഭിമുഖത്തിനിടെ ശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി.

എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച ശങ്കർ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുമെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ സവുക്കു ശങ്കർ ജയിലിൽ കഴിഞ്ഞിരുന്നു. അതിനു മുമ്പ് കോടതിയലക്ഷ്യക്കേസിൽ ഇയാൾക്ക് മദ്രാസ് ഹൈക്കോടതി ആറു മാസം തടവുശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഇത് സുപ്രിംകോടതി മരവിപ്പിച്ചിരുന്നു.

അഴിമതിക്കെതിരേ പടനയിച്ച് സവുക്കു എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ശങ്കറിനെ നീതിന്യായ വ്യവസ്ഥയ്ക്കുനേരെ കടുത്ത വിമർശനമുയർത്തിയതിനെത്തുടർന്നാണ് കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചത്. ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥനു നേരെയായിരുന്നു ശങ്കർ പ്രധാനമായും വിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് സ്വാമിനാഥനും ജസ്റ്റിസ് പി. പുകഴേന്തിയുമടങ്ങുന്ന ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് തടവുശിക്ഷ വിധിച്ചത്.

Similar Posts