India
YouTuber Shyam Meera Singh

യോഗി ആദിത്യനാഥ്/ശ്യാം മീര സിങ്

India

രാഹുലിന് പകരം ഷെര്‍ലിന്‍ യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ; യുപി മുഖ്യമന്ത്രിക്കതിരായ പരാമര്‍ശത്തില്‍ യുട്യൂബർ ശ്യാം മീരാ സിങിനെതിരെ കേസ്

Web Desk
|
9 Aug 2023 5:45 AM GMT

ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായി പോസ്റ്റ് ഇട്ടതിന് യുട്യൂബറും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ശ്യാം മീരാ സിങിനെതിരെ യുപി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഗാസിയാബാദ് പൊലീസാണ് കേസെടുത്തത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും എന്നാൽ തന്‍റെ കുടുംബപ്പേര് മാറ്റില്ലെന്നുമുള്ള നടി ഷെര്‍ലിന്‍ ചോപ്രയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ശ്യാമിന്‍റെ പോസ്റ്റാണ് പ്രശ്നമായത്. രാഹുലിന് പകരം യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ എന്നാണ് ശ്യാം ആവശ്യപ്പെട്ടത്. ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു. യോഗിയെ വിവാഹം കഴിച്ചാല്‍ ഷെര്‍ലിന് കുടുംബപ്പേര് മാറ്റേണ്ടതില്ലെന്നുമായിരുന്നു ശ്യാമിന്‍റെ ട്വീറ്റ്. തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. "എന്‍റെ ഈ ട്വീറ്റിൽ യുപി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. ആളുകൾ രോഷാകുലരാണ്. ക്രമസമാധാനം തകർന്നേക്കാം. ഇത് വിശ്വസിച്ച് യു.പി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പക്ഷെ എന്‍റെ ട്വീറ്റ് ആകെ 1 ലക്ഷം ആളുകള്‍ മാത്രമാണ് കണ്ടത്'' തന്‍റെ ആദ്യത്തെ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ശ്യാം കുറിച്ചു.

''എങ്ങനെയാണ് 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെട്ടത്, രണ്ടാമതായി, ഒരു സ്ത്രീക്ക് അനുയോജ്യനായ വരനെ നിർദേശിച്ചതിന് മാത്രം ഈ രാജ്യത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ? ബി.ജെ.പി നേതാക്കൾ സോണിയാ ഗാന്ധിയോടും ഡിംപിൾ യാദവിനോടും ചെയ്തത് പോലെ ഒരു സ്ത്രീയെയും ഞാൻ അപമാനിച്ചിട്ടില്ല. ബി.ജെ.പി നേതാക്കൾ പ്രതിപക്ഷത്തോട് ചെയ്യുന്നതുപോലെ മുഖ്യമന്ത്രിയെ ഞാൻ അധിക്ഷേപിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ വിദ്വേഷകരമായ നയങ്ങളെ വിമർശിച്ചുകൊണ്ട് യുട്യൂബിൽ ഞാന്‍ വീഡിയോകൾ നിർമ്മിക്കുന്നു. എന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണോ ഇത്തരമൊരു വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്? ശ്യാം ചോദിച്ചു.

''സനാതൻ സൻസ്ത, ആർഎസ്എസ്, നരേന്ദ്ര മോദി, അദാനി, അമിത് ഷാ എന്നിവരുടെ തെറ്റുകളെക്കുറിച്ച് ഞാൻ ഇതുവരെ പരസ്യമായി വീഡിയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം വ്യാജ എഫ്‌ഐആറുകൾ ഉണ്ടാക്കി സാധാരണക്കാരിൽ ഭയം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴെല്ലാം അത് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്‍റെ ജോലിയിൽ ഇപ്പോഴും ഒരു പോരായ്മയുണ്ട്. അവർ എനിക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുന്നത് തുടരുന്നിടത്തോളം എന്‍റെ ജോലിയിൽ ഞാൻ തൃപ്തനാകില്ല. ഈ എഫ്ഐആര്‍ എന്‍റെ ആത്മധൈര്യം കൂട്ടും'' യുട്യൂബര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശ്യാം മീര സിങ്ങിനെ യുപി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Similar Posts