യുവമോർച്ച നേതാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
|സവനൂർ സ്വദേശി സക്കീർ , ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്
കർണാടക: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. സവനൂർ സ്വദേശി സക്കീർ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സക്കിർ. സക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. അറസ്റ്റിലായവർ ഗൂഢാലോചന നടത്തിയവരാണെന്നും സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു. കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കർണാടകയിൽ യുവനേതാക്കളുടെ രാജി തുടരുന്നു. പ്രവർത്തകരെ സംരക്ഷിക്കാൻ പാർട്ടിക്കും സർക്കാരിനും കഴിയുന്നില്ലെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. സംഭവത്തിൽ ആറുപേർ കൂടി ഇന്ന് പിടിയിലായതോടെ ആകെ പിടിയിലായവരുടെ എണ്ണം 21 ആയി.
സംഭവത്തിൽ ബിജെപി പ്രവർത്തകരുടെ സർക്കാരിനെതിരെയുള്ള വൻ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് സർക്കാരിന്റെ വാർഷിക പരിപാടികൾ ഒഴിവാക്കി. ഓന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ പരിപാടികളും റദ്ദാക്കുന്നതായി ബൊമ്മൈ പ്രഖ്യാപിച്ചു.
മൃതദേഹം കാണാനെത്തിയ ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പിയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ബെല്ലാരെയിലെത്തിയ മന്ത്രി സുനിൽകുമാർ, പുത്തൂർ എം.എൽ.എ സഞ്ജീവ മറ്റന്തൂർ എന്നിവർക്കെതിരെയും പ്രതിഷേധമുണ്ടായി. ബി ജെ.പി കാസർകോട് നഗരസഭ കൗൺസിലർ രമേശൻ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.
സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവിൽ ചൊവ്വാഴ്ച രാത്രിയാണ് യുവമോർച്ച പ്രാദേശിക നേതാവായ പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അക്രമം.