'ഇത്തരക്കാരോട് സഹിഷ്ണുതയില്ല, പ്രജ്വലിനെതിരെ നടപടിയെടുക്കേണ്ടത് കർണാടക സർക്കാർ; മലക്കംമറിഞ്ഞ് പ്രധാനമന്ത്രി
|പ്രജ്വൽ രേവണ്ണക്കായി പ്രധാനമന്ത്രി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂഡൽഹി: കർണാടകയിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെഡിഎസ് എം.പിയുമായ പ്രജ്വൽ രേവണ്ണയും പിതാവ് എച്ച്.ഡി രേവണ്ണയും പ്രതികളായ ലൈംഗികാതിക്രമക്കേസ് മുന്നണിക്ക് തിരിച്ചടിയായതോടെ ചുവടുമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരക്കാരോട് സഹിഷ്ണുതയില്ലെന്നും നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രജ്വൽ രേവണ്ണക്കായി പ്രധാനമന്ത്രി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഇത് ക്രമസമാധാന പ്രശ്നമാണ്. ബംഗാളിൽ ഇത്തരമൊരു സംഭവമുണ്ടായാൽ ഉത്തരവാദി ബംഗാൾ സർക്കാരായിരിക്കും. ഇത് ഗുജറാത്തിലാണ് സംഭവിച്ചതെങ്കിൽ ഗുജറാത്ത് സർക്കാരാണ് ഉത്തരവാദി. കർണാടകയിലാണ് സംഭവിച്ചിട്ടുള്ളത് എന്നിരിക്കെ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം കർണാടക സർക്കാരിനാണ്'- മോദി പറഞ്ഞു.
“തന്നെ സംബന്ധിച്ചിടത്തോളം, ബിജെപിയെ സംബന്ധിച്ചിടത്തോളം, ഭരണഘടനയെ സംബന്ധിച്ചിടത്തോളം ഇത്തരം ആളുകളോട് സഹിഷ്ണുത കാണിക്കരുതെന്നാണ് എന്റെ കാഴ്ചപ്പാട്. ലഭ്യമായ എല്ലാ നിയമസാധ്യതകളും ഉപയോഗിച്ച് കർശനമായ ശിക്ഷ നൽകണം'- മോദി വ്യക്തമാക്കി. കേസിൽ ഇതാദ്യമായാണ് മോദി പ്രതികരിക്കുന്നത്. നേരത്തെ, മണ്ഡലത്തിലെ വോട്ടെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പ്രജ്വലിന് വേണ്ടി പ്രചാരണം നടത്തിയത്. വേദിയില്‍ വച്ച് പ്രജ്വലിനെ പുകഴ്ത്തിപ്പറയുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് കോൺഗ്രസ് ആയുധമാക്കിയത്.
400 സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കു വേണ്ടിയാണ് ബിജെപിയും നരേന്ദ്രമോദിയും വോട്ട് ചോദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രജ്വൽ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമായിരുന്നെന്നും അയാളെ പിന്തുണച്ചതിന് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ലൈംഗികാതിക്രമ കേസിലെ പ്രതിയായ നേതാവുമായി വേദി പങ്കിട്ട് അയാൾക്ക് വേണ്ടി വോട്ട് ചോദിച്ച ആൾ ആണ് പ്രധാനമന്ത്രിയെന്നും കേസിൽ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു. പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് മോദിയാണെന്നും പ്രിയങ്ക ആരോപിച്ചു.
ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവരികയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ മുഖം രക്ഷിക്കാൻ ജെഡിഎസ് പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസൻ എം.പിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ, നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോകൾ കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം പുറത്തുവന്നതോടെയാണ് ബിജെപി വെട്ടിലായത്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ജർമനിയിലേക്ക് കടന്ന ഇയാൾക്കായി എസ്ഐടി ലുക്കൗട്ട് നോട്ടീസും സിബിഐ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്വലിന്റെ പിതാവും ഹോളെനരസിപൂർ എംഎൽഎയുമായ എച്ച്.ഡി രേവണ്ണ ഇരകളിൽ ഒരാളെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.