India
zomato job offer
India

ആദ്യവര്‍ഷം ശമ്പളമില്ല, 20 ലക്ഷം കമ്പനിക്ക് നല്‍കണം; ചീഫ് ഓഫ് സ്റ്റാഫിനായി അപേക്ഷ ക്ഷണിച്ച് സൊമാറ്റോ

Web Desk
|
21 Nov 2024 9:22 AM GMT

ജോലി ലഭിക്കണമെങ്കില്‍ ദീപിന്ദര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളാണ് വിചിത്രം

ഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയിലേക്ക് 'ചീഫ് ഓഫ് സ്റ്റാഫ്' ആകാന്‍ അപേക്ഷ ക്ഷണിച്ച് സിഇഒ ദീപിന്ദര്‍ ഗോയല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു ജോലിക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നായിരിക്കും ചോദ്യം. എന്നാല്‍ ജോലി ലഭിക്കണമെങ്കില്‍ ദീപിന്ദര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളാണ് വിചിത്രം.

ജോലി വേണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ 20 ലക്ഷം രൂപ സൊമാറ്റോ കമ്പനിക്ക് നല്‍കണം. ഇതും പോരാതെ ആദ്യത്തെ ഒരുവര്‍ഷം ശമ്പളമായി ഒരു ചില്ലിക്കാശ് പോലും പ്രതീക്ഷിക്കണ്ട. കാരണം ശമ്പളമേയുണ്ടാകില്ല. എന്നാല്‍ രണ്ടാം വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ശമ്പളത്തെക്കുറിച്ച് സംസാരിക്കാമെന്നും ഗോയലിന്‍റെ പരസ്യത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. 'അപ്ഡേറ്റ്: ഞാന്‍ എനിക്കായി ഒരു ചീഫ് ഓഫ് സ്റ്റാഫിനെ തിരയുകയാണ്' എന്ന കുറിപ്പോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഉദ്യോഗാര്‍ഥി വിനയമുള്ള ആളായിരിക്കണമെന്ന് ഗോയല്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.



''ഞാന്‍ എനിക്കായി ഒരു ചീഫ് ഓഫ് സ്റ്റാഫിനെ തിരയുകയാണ്. ഇക്കാര്യങ്ങള്‍ അവര്‍ക്കുണ്ടാകണം..അത്യാവശ്യം സാമാന്യബുദ്ധി, സഹാനുഭൂതിയും ഉണ്ടായിരിക്കണം. കൂടുതല്‍ അനുഭവപരിചയം ആവശ്യം ഇല്ല. വിനയം ഉണ്ടായിരിക്കണം. മറ്റുള്ളവരെ അപ്രീതിപ്പെടുത്തുന്നതാണെങ്കിലും ശരിയായ കാര്യം ചെയ്യാന്‍ സാധിക്കണം. എ ഗ്രേഡ് ആശയവിനിമയ വൈദഗ്ധ്യം ആവശ്യമാണ്, ഏറ്റവും പ്രധാനമായി, പഠന മനോഭാവമുണ്ടായിരിക്കണം' പോസ്റ്റില്‍ പറയുന്നു. ''ആദ്യ വര്‍ഷം നിങ്ങള്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നതിലൂടെ ഞങ്ങള്‍ ഇവിടെ പണം ലാഭിക്കുന്നില്ലെന്നും തെളിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - ഒരു ചാരിറ്റിക്ക് ഞങ്ങള്‍ 50 ലക്ഷമോ അല്ലെങ്കില്‍ ഒരു ചീഫ് ഓഫ് സ്റ്റാഫിന്റെ ശമ്പളത്തിന് തുല്യമായതോ സംഭാവന നല്‍കും. അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. രണ്ടാം വര്‍ഷം മുതല്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് സാധാരണ ശമ്പളം നല്‍കി തുടങ്ങും. (തീര്‍ച്ചയായും 50 ലക്ഷത്തില്‍ കൂടുതലായിരിക്കും. എന്നാല്‍ രണ്ടാം വര്‍ഷത്തിന്‍റെ തുടക്കത്തില്‍ മാത്രമേ ഞങ്ങളതിനെ കുറിച്ച് സംസാരിക്കുകയുള്ളൂ)'' പരസ്യത്തില്‍ വ്യക്തമാക്കുന്നു.

Related Tags :
Similar Posts