ഭക്ഷണം കഴിക്കാൻ പണമില്ല , സഹോദരിയുടെ വിവാഹമാണ്; സൊമാറ്റോ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായി ജീവനക്കാരന്‍
|സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് സൊമാറ്റോ അറിയിച്ചു
ഡല്‍ഹി: സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സൊമാറ്റോ ജീവനക്കാരനായ ആയുഷ് സൈനിയെന്ന യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി പരാതി. ഇതേ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാരന്‍.
വിവാഹത്തിനായി പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും താന്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. എക്‌സ് ഉപയോക്താവായ സോഹം ഭട്ടാചാര്യയാണ് യുവാവിന്റെ ദുരിതാവസ്ഥയെ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.
' വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ജി.ടി.ബി നഗറില്‍ വെച്ച് ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണുന്നത്. അവന്‍ എന്റെ അടുത്തേക്ക് ഓടി വന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സഹോദരിയുടെ വിവാഹമാണെന്നും എന്നാല്‍ സൊമാറ്റോ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലെന്നും താമസ സ്ഥലത്ത് വാടക കൊടുക്കാന്‍ പോലും പണമില്ലെന്നും അയാള്‍ പറഞ്ഞു' . ഭട്ടാചാര്യ പറഞ്ഞു.
സൊമാറ്റോയേയും നിരവധി ബി.ജെ.പി നേതാക്കളെയും ഭട്ടാചാര്യ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ രണ്ട് ലക്ഷം ആളുകള്‍ പോസ്റ്റ് കാണുകയും പോസ്റ്റ് വൈറലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് സൊമാറ്റോ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തി. അക്കൗണ്ട് മരവിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് സൊമാറ്റോ പറഞ്ഞു. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
യുവാവിനെ സഹായിക്കാന്‍ ഭട്ടാചാര്യ കമന്റ് ബോക്‌സില്‍ ക്യൂആര്‍ കോഡ് പങ്കുവെക്കുകയും ജീവനക്കാരന് വേണ്ടി ഉപയോക്താക്കളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ യുവാവിന് സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു.