India
ഓര്‍ഡര്‍ ചെയ്താല്‍ വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വീട്ടില്‍; മിന്നല്‍ ഡെലിവറിയുമായി സൊമാറ്റോ
India

ഓര്‍ഡര്‍ ചെയ്താല്‍ വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വീട്ടില്‍; മിന്നല്‍ ഡെലിവറിയുമായി സൊമാറ്റോ

Web Desk
|
22 March 2022 4:49 AM GMT

സൊമാറ്റോ മേധാവി ദീപീന്ദർ ഗോയൽ തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ തൊട്ടടുത്ത നിമിഷം തന്നെ ഭക്ഷണം വീട്ടിലെത്തിയാല്‍ അത്രയും സന്തോഷമാണ് നമുക്ക്. അത്തരത്തില്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ഭക്ഷണപ്രിയര്‍ക്കായി ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൊമാറ്റോ. ഓര്‍ഡര്‍ ലഭിച്ചാല്‍ വെറും 10 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കളിലെത്തിക്കുന്ന സൊമാറ്റോ ഇന്‍സ്റ്റന്‍റ് പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. സൊമാറ്റോ മേധാവി ദീപീന്ദർ ഗോയൽ തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് ഒരു കമ്പനി വെറും 10 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുമെന്ന് അവകാശപ്പെടുന്നത്. ''സൊമാറ്റോയുടെ 30 മിനിറ്റ് ശരാശരി ഡെലിവറി സമയം വളരെ മന്ദഗതിയിലാണെന്നും താമസിയാതെ കാലഹരണപ്പെട്ടേക്കാമെന്നും എനിക്ക് തോന്നിത്തുടങ്ങി. നമ്മള്‍ അത് മാറ്റിയില്ലെങ്കില്‍ മറ്റാരെങ്കിലും സമയത്തില്‍ മാറ്റം വരുത്തും. ടെക് വ്യവസായത്തിൽ അതിജീവിക്കാനുള്ള ഏക മാർഗം നവീകരിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് 10 മിനിറ്റിനുള്ളില്‍ ഭക്ഷണമെത്തിക്കുന്ന സൊമാറ്റോ ഇന്‍സ്റ്റന്‍റ് ഞങ്ങള്‍ അവതരിപ്പിക്കുന്നു'' ഗോയല്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു. പെട്ടെന്നുള്ള ഡെലിവറി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഡെലിവറി ബോയ്സിന് അത്ര ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

10 മിനിറ്റ് ഗ്രോസറി ഡെലിവറി സേവനം വ്യാപകമായതിനു ശേഷം ഡെലിവറി ഏജന്‍റുമാരുടെ ജീവൻ അപകടത്തിലാക്കുന്ന വിവിധ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്ഷണം വേഗത്തിൽ എത്തിക്കാൻ സൊമാറ്റോ ഡെലിവറി ജീവനക്കാരില്‍ സമ്മർദ്ദം ചെലുത്തില്ലെന്നും ഗോയൽ വ്യക്തമാക്കി. ഡെലിവറി വൈകിയാല്‍ ജീവനക്കാര്‍ക്ക് പിഴ ചുമത്തില്ല. അടുത്ത മാസം മുതൽ ഗുരുഗ്രാമിലെ നാല് സ്റ്റേഷനുകളിൽ സൊമാറ്റോ ഇൻസ്റ്റന്‍റ് ആരംഭിക്കും. റോൾഔട്ട് ടൈംലൈനിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Similar Posts