India
Zoo Caretaker Dies After Hippopotamus Attacks Him
India

മൃ​ഗശാലയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ കെയർ ടേക്കർക്ക് ദാരുണാന്ത്യം

Web Desk
|
28 July 2024 3:08 PM GMT

സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധിച്ച് മൃ​ഗശാലയിലെ കെയർ ടേക്കർമാർ പ്രധാന ​ഗേറ്റ് അടച്ചുപൂട്ടി.

റാഞ്ചി: മൃ​ഗശാലയിൽ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്.

'വെള്ളിയാഴ്‌ച കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു'- മൃ​ഗശാല ഡയറക്ടർ ജബ്ബാർ സിങ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിങ് പറഞ്ഞു. ആക്രമണസമയം ഡ്യൂട്ടിയിലായിരുന്നതിനാൽ മരിച്ച സന്തോഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്ന് മൃ​ഗശാലാ അധികൃതർ സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള മരണമായതിനാൽ അദ്ദേഹത്തിന് നാലു ലക്ഷം രൂപ കൂടി നഷ്ടപരിഹാരം ലഭിക്കും. ആശുപത്രി ചെലവ് മൃഗശാല അതോറിറ്റി ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധിച്ച് മൃ​ഗശാലയിലെ കെയർ ടേക്കർമാർ പ്രധാന ​ഗേറ്റ് അടച്ചുപൂട്ടി. സ്ഥിര-താൽക്കാലിക ജീവനക്കാരടക്കം 112 കെയർ ടേക്കർമാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

Similar Posts