ഫ്രാന്‍സിലെ പൈലറ്റുമാരുടെ സമരം യൂറോ കപ്പിനെ ബാധിക്കുന്നു
|യൂറോ കപ്പിന് തടസ്സമുണ്ടായാല്‍ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോങ് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി.
ഫ്രാന്‍സില്‍ എയര്‍ഫ്രാന്‍സ് പൈലറ്റ്മാര്‍ നടത്തുന്ന നാല് ദിവസത്തെ പണിമുടക്ക് മൂന്നാം ദിവസവും ശക്തമായി തുടരുന്നു. പൈലറ്റ് മാരുടെ പണിമുട്ക്ക് യൂറോ കപ്പ് കാണാനെത്തിയ ഫുട്ബോള്‍ പ്രേമികളെയും ബുദ്ധിമുട്ടിലാക്കി. യാത്രക്ക് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഫ്രഞ്ച് നാഷണല്‍ എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അകാരണമായി ശമ്പളം വെട്ടിക്കുറച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് ഫ്രാന്‍സിലെ പ്രധാന വിമാനക്കമ്പനിയായ എയര്‍ഫ്രാന്‍സിലെ പൈലറ്റുമാര്‍ നാല് ദിവസത്തെ പണിമുടക്ക് നടത്തുന്നത്. ജീവനക്കാരുടെ സംഘടനയായ എസ്.എന്‍.പി.എല്ലാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മൂന്നാം ദിവസമായ ഇന്നും പണിമുടക്ക് ശക്തമായിതുടര്‍ന്നു. 70 ലധികം പൈലറ്റുമാര്‍ പണിമുടക്കിയതിനാല്‍ 80 ശതമാനത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. എയര്‍ ഫ്രാന്‍സ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം 7 ശതമാനം ദീര്‍ഘദൂര വിമാനങ്ങളും 9ശതമാനം ആഭ്യന്തര വിമാനങ്ങളും 27ശതമാനം ഹൃസ്വദൂര വിമാനങ്ങളും റദ്ദാക്കി. 7 പാരീസ്-മാര്‍സെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയത് ഇംഗ്ലണ്ട്-റഷ്യ യൂറോ കപ്പ് മത്സരം കാണാനിരുന്ന നിരവധി പേരെ ബാധിച്ചു. സമരം ഇനിയും മൂന്ന് ദിവസം കൂടി തുടര്‍ന്നേക്കുമെന്നാണ് സൂചന.
യൂറോകപ്പിനായി ടിക്കറ്റെടുത്ത ഫുടബോള്‍ ആരാധകരെയാണ് പൈലറ്റുമാരുടെ സമരം കാര്യമായി ബാധിച്ചത്. ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് ഒരാഴ്ച വരെ യാത്ര തീയതി നീട്ടാനും സൌകര്യം ഒരുക്കിയിട്ടുണ്ട്. 70ലക്ഷത്തോളം പേരാണ് യൂറോ കപ്പ് പ്രമാണിച്ച് മത്സരം നടക്കുന്ന 10 ഫ്രെഞ്ച് നഗരങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പൈലറ്റുമാരുടെ സമരം മൂലം 5 മില്യന്‍ യൂറോയുടെ നഷ്ടം എയര്‍ ഫ്രാന്‍സ് കമ്പനിക്കുണ്ടായെന്നാണ് വിലയിരുത്തല്‍. സമരത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ വിവിധിയടിങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി. യൂറോ കപ്പിന് തടസ്സമുണ്ടായാല്‍ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോങ് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി.