ഈദ് ദിനത്തില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍
|ഈദ് ദിനത്തില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
ഈദ് ദിനത്തില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പായ ശേഷവും സിറിയയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു.
വെള്ളിയാഴ്ച ജനീവയില്‍ നടന്ന ചര്‍ച്ചയിലാണ് സിറിയയില്‍ യുദ്ധമവസാനിപ്പിക്കാന്‍ യുഎസും റഷ്യയും തമ്മില്‍ ധാരണയിലെത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലവ്റോവും തമ്മിലുണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 48മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍ വിജയകരമാവുകയാണെങ്കില്‍ അടുത്ത 48 മണിക്കൂറിലേക്ക് കൂടി നീട്ടും. ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരായ പോരാട്ടം ഇരുകൂട്ടരും ശക്തമാക്കും.
വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനും ഹിസ്ബുള്ളയും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായി നടപ്പാക്കപ്പെടുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമെ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാകൂ എന്ന നിലപാടിലാണ് പ്രതിപക്ഷം. അതിനിടെ വെടിനിര്‍ത്തലിനിടയിലും അലപ്പോയിലും ഹോംസിലും വ്യോമാക്രമണമുണ്ടായതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.