അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുന്നു
|ആദ്യഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായിരുന്നെങ്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ശക്തമായ തിരിച്ചുവരവ് നടത്തി...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ലീഡ് നില മാറി മറിയുന്നു. ആദ്യഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായിരുന്നെങ്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
19 സംസ്ഥാനങ്ങളില്‍ നിന്നായി 201 ഇലക്ട്രല്‍ സീറ്റുകള്‍ നേടി ഡൊണാള്‍ഡ് ട്രംപ് മുന്‍തൂക്കം നേടി. പ്രസിഡന്റുമാര്‍ മാത്രം ജയിക്കുന്ന ഒഹായോ ട്രംപ് നേടി. മറ്റൊരു ശക്തികേന്ദ്രമായ ഫ്ളോറിഡയും ട്രംപ് നേടിയത് ശ്രദ്ധേയമായി.1964 മുതല്‍ ഒഹായോയില്‍ ജയിക്കുന്ന സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഡെമോക്രോറ്റ് ശക്തികേന്ദ്രങ്ങളിലും ട്രംപിന് മുന്നേറ്റം നടത്താനായിട്ടുണ്ട്. ടെന്നസി, മിസിസിപ്പി, ഒക്കലഹോമ, ഇന്‍ഡ്യാന, സൗത്ത് കരോലൈന, അലബാമ, വെസ്റ്റ് വിര്‍ജീനിയ, കെന്റകി, അര്‍ക്കന്‍സാസ്, വയോമിംങ്, സൗത്ത് ഡക്കോട്ട, നോര്‍ത്ത് ഡക്കോട്ട, നെബ്രാസ്‌ക, ലൂസിയാന എന്നിവിടങ്ങളില്‍ ട്രംപ് വിജയിച്ചു. സെനറ്റിലും ഹൌസ് ഓഫ് റെപ്രസന്റിറ്റീവ്സിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യക്തമായ ലീഡ് നേടാന്‍ കഴിഞ്ഞു.
12 സംസ്ഥാനങ്ങളില്‍ നിന്നായി 197 സീറ്റുകള്‍ ഹിലരി ക്ലിന്റന് നേടിയിട്ടുണ്ട്. ഇല്ലിനോയ്, ന്യൂജഴ്‌സി, മേരിലാന്റ്, ദലവെയര്‍, വാഷിംങ്ടണ്‍ ഡിസി, മസാച്ചുസെറ്റ്, വെര്‍മോണ്ട് എന്നിവിടങ്ങളില്‍ ഹിലരിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍തൂക്കം നേടി. ആകെയുള്ള 538 സീറ്റില്‍ 270 സീറ്റുകളാണ് ഭൂരിപക്ഷം നേടുന്നതിന് വേണ്ടത്.