International Old
തോക്ക് വില്‍പന നിയന്ത്രണ ബില്ലുകള്‍ അമേരിക്കന്‍ സെനറ്റ് തള്ളിതോക്ക് വില്‍പന നിയന്ത്രണ ബില്ലുകള്‍ അമേരിക്കന്‍ സെനറ്റ് തള്ളി
International Old

തോക്ക് വില്‍പന നിയന്ത്രണ ബില്ലുകള്‍ അമേരിക്കന്‍ സെനറ്റ് തള്ളി

admin
|
9 Jan 2017 2:29 PM GMT

ഒര്‍ലാന്‍ഡോ സംഭവത്തിലെ പ്രതിയായ ഉമര്‍ മതീന് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് തോക്ക് നിയന്ത്രണത്തിനായുള്ള ആവശ്യം ശക്തമാക്കിയത്

അമേരിക്കയില്‍ തോക്ക് വില്‍പന നിയന്ത്രിക്കാനുള്ള ബില്ലുകള്‍ സെനറ്റ് തള്ളി. തീവ്രവാദ ബന്ധമുള്ളവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിലടക്കം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ബില്ലുകളാണ് തള്ളിയത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍,ഡെമോക്രാറ്റിക് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദവുമുണ്ടായി. ഒര്‍ലാന്‍ഡോ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തോക്ക് വില്‍പന നിയന്ത്രിക്കണമെന്ന ത് സംബന്ധിച്ച നാല് ബില്ലുകള്‍ സെനറ്റിന്റെ മുന്നിലെത്തിയത്. എന്നാല്‍, റിപ്പബ്ളിക്കല്‍ പാര്‍ട്ടി അംഗങ്ങള്‍ കൊണ്ടുവന്ന ബില്‍ ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകള്‍ കൊണ്ടുവന്നത് റിപ്പബ്ളിക്കല്‍ അംഗങ്ങളും പിന്തുണച്ചില്ല.

തീവ്രവാദ ബന്ധമുള്ളവര്‍ ആയുധങ്ങള്‍ കൈക്കലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന ശക്തമാക്കുകയാണ് വേണ്ടതെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു. എന്നാല്‍, ഇസ്ലാമിക തീവ്രവാദമാണ് ഒര്‍ലാന്‍ഡോ അടക്കമുള്ള ആക്രമണങ്ങള്‍ക്ക് കാരണമെന്നും ഇതിനെ തുടച്ചു നീക്കുകയാണ് വേണ്ടതെന്നായിരുന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാരുടെ വാദം.

ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ബില്‍ ജനങ്ങള്‍ക്ക് ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് റിപ്പബ്ളിക്കന്‍ അംഗങ്ങളും നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങളും പറഞ്ഞു. അതേസമയം, റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ബില്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് പറഞ്ഞ് ഡെമോക്രാറ്റുകളും പിന്തുണച്ചില്ല.

ഒര്‍ലാന്‍ഡോ സംഭവത്തിലെ പ്രതിയായ ഉമര്‍ മതീന് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് തോക്ക് നിയന്ത്രണത്തിനായുള്ള ആവശ്യം ശക്തമാക്കിയത്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ 2013 മുതല്‍ എഫ്.ബി.ഐ നിരീക്ഷണത്തിലുള്ള മതീന് തോക്ക് ലഭിച്ചത് ശക്തമായ നിയമത്തിന്റെ അഭാവത്തിലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Similar Posts