ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന് ഇന്ന് തുടക്കമാകും
|ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്
മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ നാവിക പ്രതിരോധ സുരക്ഷാ പ്രദര്‍ശനമായ ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന് ഇന്ന് ഖത്തറില്‍ തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള 8 അത്യാധുനിക യുദ്ധക്കപ്പലുകള്‍ എത്തിച്ചേര്‍ന്നു .
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഡിംഡെക്സ് 2016 പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് അമീര്‍ തന്നെയാണ് . ഇന്ത്യക്കു പുറമെ ഫ്രാന്‍സ് , ഇറ്റലി ,അമേരിക്ക , ഇംഗ്ലണ്ട് , മൊറോക്കോ , പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളാണ് ദോഹ വാണിജ്യ തുറമുഖത്തെത്തിയത് . ഡിസ്ട്രോയര്‍, ഫ്രിഗേറ്റ്സ്, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് തുടങ്ങി വിവിധ ഗണങ്ങളിലുള്പ്പെട്ട കപ്പലുകളാണ് ഡീംഡെക്സിനത്തെിച്ചേര്ന്നിരിക്കുന്നത്. ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷനിലും കോണ്ഫറന്സിലുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . അന്താരാഷ്ട്ര പ്രതിരോധ കമ്പനികളുമായി തങ്ങളുടെ അതിഥികളെ കൂട്ടിയിണക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഇതിലൂടെ സൃഷ്ടിക്കുന്നതെന്നും ഡീംഡെക്സ് ചെയര്മാന് ബ്രിഗേഡിയര്‍ ഡോ. ഥാനി അല്‍ കുവാരി പറഞ്ഞു.
വ്യാവസായിക രംഗത്തെ പ്രമുഖര്‍, പ്രമുഖരായ പ്രതിനിധികള്‍ തുടങ്ങി ചുരുക്കം ചിലര്‍ക്ക് ഡീംഡെക്സിന്റെ ഭാഗമായ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നതിനും വീക്ഷിക്കുന്നതിനും സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.