ഇന്ത്യയിലെ നോട്ടുനിരോധത്തില്‍ നേപ്പാളുകാരും വലഞ്ഞു
|നിരവധി നേപ്പാളികളാണ് ഇന്ത്യന്‍ കറന്‍സിയില്‍ സമ്പാദ്യം സൂക്ഷിക്കുന്നത്.
500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നേപ്പാളിനെയും ബാധിക്കുന്നു. അസാധുവാക്കിയ നോട്ടുകള്‍ നേപ്പാളുകാര്‍ക്കും മാറ്റിനല്‍കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കറന്‍സിയും ഉപയോഗിക്കാന്‍ അനുമതിയുള്ള നേപ്പാളിന്റെ നിലനില്പ് തന്നെ ഏറെക്കുറെ ഇന്ത്യയെ ആശ്രയിച്ചാണ് . ഇന്ത്യയില്‍ 500. 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ നേപ്പാള്‍ ജനത കൂടി പ്രതിസന്ധിയിലയി. അസാധുവാക്കിയ നോട്ടുകള്‍കൊണ്ട് നേപ്പാളിലും ഇടപാടുകള്‍ നടക്കാതായി. നിരവധി നേപ്പാളികളാണ് ഇന്ത്യന്‍ കറന്‍സിയില്‍ സമ്പാദ്യം സൂക്ഷിക്കുന്നത്.
ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ നേപ്പാള്‍ കേന്ദ്ര ബാങ്കും 500, 1000 നോട്ടുകള്‍ നിരോധിച്ചിരുന്നു. നേപ്പാളുകാരുടെ കൈയ്യില്‍ 3360 കോടി രൂപയുടെ നിരോധിത ഇന്ത്യന്‍ നോട്ടുകള്‍ ഉണ്ടെന്നാണ് എന്‍ ആര് ബിയുടെ കണക്ക്. പണം കൈയ്യിലുള്ളവരില്‍ ഭൂരിഭാഗത്തിനും ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഠ ഇന്ത്യയുടെ സഹായം തേടിയത്.
നേപ്പാളില്‍ നോട്ടുകള്‍ മാറ്റി നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലഫോണ്‍ സംഭാഷണത്തില്‍ പ്രചണ്ഠ, നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇരുവരും തമ്മിലെ ടെലഫോണ്‍ സംഭാഷണം 5 മിനിറ്റ് നീണ്ടു.
നോട്ടുകള്‍ മാറ്റിയെടുക്കാനായില്ലെങ്കില്‍ പലരുടെയും മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെടുമെന്ന് ഫെഡറേഷന് ഓഫ് നേപ്പാളീസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പറയുന്നു.