കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും പുതിയ സമാധാനകരാറില്‍ ഒപ്പുവെച്ചു
|കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസും ഫാര്‍ക് നേതാവ് റോഡ്രിഗോ ലണ്ടോനോയുമാണ് കരാറില്‍ ഒപ്പുവെച്ചത്
കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും പുതിയ സമാധാനകരാറില്‍ ഒപ്പുവെച്ചു. ആദ്യ കരാര്‍ ജനഹിതപരിശോധനയില്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ കരാറിന് രൂപം നല്‍കിയത്. പുതിയ കരാര്‍ കോണ്‍ഗ്രസില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. എന്നാല്‍ ഇത്തവണ ജനഹിതപരിശോധനക്കും നടത്താന്‍ സാധ്യതയില്ല.
കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസും ഫാര്‍ക് നേതാവ് റോഡ്രിഗോ ലണ്ടോനോയുമാണ് കരാറില്‍ ഒപ്പുവെച്ചത്. നേരത്തെ ഒപ്പുവെച്ച കരാര്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ തള്ളിപ്പോയിരുന്നു. ഫാര്‍കിന് ആവശ്യത്തിലധികം വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുക്കുന്നെന്നായിരുന്നു കരാറിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശം. എതിര്‍പ്പ് ലഘൂകരിക്കാന്‍ പഴയ കരാറില്‍ 50 മാറ്റങ്ങള്‍ വരുത്തിയാണ് പുതിയത് തയാറാക്കിയിരിക്കുന്നത്.
52 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാന്റോസിന് നോബല്‍ പുരസ്കാരം ലഭിച്ചിരുന്നു. പുതിയ കരാര്‍ കോണ്‍ഗ്രസില്‍ വെക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള ഫാര്‍ക് നേതാക്കളെ വിചാരണക്ക് വിധേയരാകാതെ മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടാന്‍ അനുവദിക്കുകയാണ് കരാറെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 150 ദിവസത്തിനകം നിരായുധീകരണം പൂര്‍ത്തിയാക്കുമെന്ന് സാന്റോസ് വ്യക്തമാക്കി. ആയുധങ്ങള്‍ യു എന്നിന് കൈമാറും. കരാറില്‍ വരുത്തിയ മാറ്റങ്ങളെ ഫാര്‍ക് പൂര്‍ണമായും അംഗീകരിക്കുന്നെന്ന് ഫാര്‍ക് നേതാവ് തിമോചെങ്കോ പറഞ്ഞു.