ഇറ്റലിയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയില്ലെന്ന് ആസ്ട്രിയ
|ഇറ്റലിയില്‍ നിന്നുമെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ആസ്ട്രിയ.
ഇറ്റലിയില്‍ നിന്നുമെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ആസ്ട്രിയ. തീരുമാനം പിന്‍വലിക്കുന്നതായി ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആല്‍പ്പൈന്‍ ബ്രണ്ണര്‍ പാസില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു ആസ്ട്രിയയുടെ തീരുമാനം.
രാജ്യത്തേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിന്റെ ഭാഗമായി ആല്‍പ്പൈന്‍ ബ്രണ്ണര്‍ പാസില്‍ 370 മീറ്റര്‍ നീളത്തില്‍ വേലി തീര്‍ക്കാനായിരുന്നു ആസ്ട്രിയയുടെ തീരുമാനം. നടപടി യൂറോപ്യന്‍ നിയമങ്ങള്‍ക്കെതിരാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനം സംബന്ധിച്ച് അഭിപ്രായ ഭിന്നതയും ഉടലെടുത്തിരുന്നു. അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിന്റെ ഭാഗമായി ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി റോമിലെത്തി ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുന്നതായി ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വൂള്‍ഫ് ഗാങ് സോബോട്ട്കാ അറിയിച്ചത്.
ലിബിയയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ രാജ്യത്തേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അവര്‍ക്ക് അഭയം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോബോട്ട്കാ കൂട്ടി ചേര്‍ത്തു. അഭയാര്‍ഥി പ്രവാഹം തടയാനായി ആസ്ട്രിയ- ഹംഗറി അതിര്‍ത്തിയില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.