ഫലസ്തീന് പൌരനെ കൊലപ്പെടുത്തിയ ഇസ്രയേലുകാരന് ജീവപര്യന്തം
|കൌമാരക്കാരനായ മുഹമ്മദ് അബു ഖുദെയ്റിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെയാളാണ് ബെന്‍ ഡേവിഡ്.
ഫലസ്തീന് പൌരനെ കൊലപ്പെടുത്തിയ ഇസ്രയേലുകാരന് ജീവപര്യന്തം തടവ്. പതിനാറുകാരനായ മുഹമ്മദ് അബു ഖുദെയ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ഇസ്രയേല്‍ കോടതി യൂസഫ ഹയിം ബെന്‍ ഡേവിഡിന് ജീവപര്യന്തം തടവ് വിധിച്ചത്.
കൌമാരക്കാരനായ മുഹമ്മദ് അബു ഖുദെയ്റിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെയാളാണ് ബെന്‍ ഡേവിഡ്. ജീവപര്യന്തം തടവായ 25 വര്‍ഷത്തിന് പുറമെ മറ്റ് കുറ്റങ്ങള്‍ കൂടി കണക്കിലെടുത്ത് മൊത്തം 45 വര്‍ഷത്തെ തടവാണ് ബെന്‍ ഡേവിഡിന് ഇസ്രയേല്‍ ജില്ലാ കോടതി വിധിച്ചിരിക്കുന്നത്. ഖുദെയ്റിനെ തട്ടിക്കൊണ്ടു പോകുന്നതിനും ജീവനോടെ കത്തിക്കുന്നതിനും നേതൃത്വം കൊടുത്തത് ഡേവിഡാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. തടവിന് പുറമെ 39000 ഡോളര്‍ പിഴയൊടുക്കുകയും വേണം. ബെന്‍ ഡോവിഡിനെ സഹായിച്ച രണ്ട് ഇസ്രയേലി യുവാക്കളെ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ശിക്ഷിച്ചിരുന്നു. ഒരാള്‍ക്ക് ജീവപര്യന്തം തടവും മറ്റൊരാള്‍ക്ക് 21 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. അബു ഖൊദെയ്റിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് മൂവരും നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ മൂന്ന് ഇസ്രയേലി യുവാക്കള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് അബു ഖുദെയ്റിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.