International Old
എന്‍എസ്‍ജി പ്ലീനറി യോഗത്തിന് നാളെ തുടക്കംഎന്‍എസ്‍ജി പ്ലീനറി യോഗത്തിന് നാളെ തുടക്കം
International Old

എന്‍എസ്‍ജി പ്ലീനറി യോഗത്തിന് നാളെ തുടക്കം

admin
|
21 Feb 2017 6:05 PM GMT

ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് (എന്‍എസ്ജി) പ്ലീനറി യോഗത്തിന് ദക്ഷിണ കൊറിയയിലെ സോളില്‍ നാളെ തുടക്കമാകും.

ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് (എന്‍എസ്ജി) പ്ലീനറി യോഗത്തിന് ദക്ഷിണ കൊറിയയിലെ സോളില്‍ നാളെ തുടക്കമാകും. എന്‍എസ്ജിയില്‍ അംഗമാകുന്നതിന് ഇന്ത്യ നല്‍കിയ അപേക്ഷ യോഗം ചര്‍ച്ച ചെയ്തേക്കും. അമേരിക്കയുള്‍പ്പെടേയുള്ള അംഗരാജ്യങ്ങളുടെ ശക്തമായ പിന്തുണയുള്ള ഇന്ത്യക്ക് തിരിച്ചടിയാകുന്നത് ചൈനയുടെ എതിര്‍ നിലപാടാണ്. ചൈനയെ അനുനയിപ്പിക്കാന്‍ പ്രസിഡന്റ് ക്സി ചിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തിയേക്കും.

48 അംഗരാജ്യങ്ങളുള്ള ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകുന്നതിനുള്ള ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നം പൂവണിയാന്‍ ഇനി ചൈന എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത്. മറ്റ് അംഗരാജ്യങ്ങളായ അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സര്‍ലാന്‍റ്, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ നേടിക്കഴിഞ്ഞു. ബാക്കി രാജ്യങ്ങള്‍ക്ക് വലിയ എതിര്‍പ്പില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളെ പിന്തുണക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചൈന. ഈ പശ്ചാത്തലത്തിലാണ് നാളെ എന്‍എസ്ജിയുടെ വാര്‍ഷിക പ്ലീനറി യോഗം ദക്ഷിണ കൊറിയയിലെ സോളില്‍ ചേരുന്നത്. ഇന്ത്യന്‍ അംഗത്വ വിഷയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് ചൈന പറഞ്ഞെങ്കിലും, ചര്‍ച്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിരുന്നു. എങ്കിലും ചൈന നിലപാടില്‍ ഉറച്ച് നിന്നാല്‍ വിഷയത്തിലെ ചര്‍ച്ച വഴി മുട്ടും.

പാകിസ്താന് അംഗത്വം നല്‍കുന്ന വിഷയത്തില്‍ അനുകൂല നിലപാടുണ്ടായാല്‍ ചൈന ഇന്ത്യന്‍ അംഗത്വത്തെ പിന്തുണക്കും. പാകിസ്താന് അംഗത്വം നല്‍കുന്ന കാര്യത്തില്‍ ഭൂരിപക്ഷം അംഗരാജ്യങ്ങള്‍ക്കും എതിര്‍പ്പാണ് ഉള്ളത്. ഇന്ത്യന്‍ അപേക്ഷയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ലെന്നതിന്റെ സൂചന ഇന്നലെ ചൈന നല്‍കിയിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് ചൈന അറിയിച്ചിട്ടുണ്ട്. നാളെ ആരംഭിക്കുന്ന പ്ലീനറി യോഗത്തില്‍ ഈ ചര്‍ച്ചക്ക് തുടക്കം കുറിക്കപ്പെടും. അതിനിടെ ചൈനീസ് പ്രസിഡന്റ് ക്സി ചിന്‍പിങ്ങമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ താഷ്കന്‍റില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ച. എന്‍എസ്ജി അംഗത്വത്തിനുള്ള പിന്തുണ മോദി ചൈനീസ് പ്രസിഡന്റിനോട് തേടും. ഈ കൂടിക്കാഴ്ചയോടെ ചൈന അനകൂല നിലപാടിലെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

Related Tags :
Similar Posts