International Old
ഫലസ്തീനിലെ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിഫലസ്തീനിലെ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി
International Old

ഫലസ്തീനിലെ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി

Ubaid
|
22 Feb 2017 11:46 AM GMT

പ്രമേയം നടപ്പിലാക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് വ്യക്തമാക്കി

ഫലസ്തീനിലെ അധിനിവേശ ഭൂമിയില്‍ നിന്ന് ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 15 അംഗ സുരക്ഷാ കൌണ്‍സിലില്‍ 14 രാഷ്ട്രങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം നടപ്പിലാക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് വ്യക്തമാക്കി.

അമേരിക്കയുടേയും ഇസ്രയേലിന്‍റേയും സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രമേയം കൊണ്ടുവന്ന ഈജിപ്ത്, രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍ നിന്നും അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് ന്യൂസിലന്‍റ്, മലേഷ്യ, വെനുസ്വേല, സെനഗല്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രമേയം വോട്ടിനിടണമെന്ന ആവശ്യം ഉന്നയിച്ചത്. അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. 15 അംഗ രാജ്യങ്ങളില്‍14 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു.

കിഴക്കന്‍ ജറുസലേമടക്കം ഫലസ്തീനിലെ അധിനിവേശ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന എല്ലാവിധ കുടിയേറ്റ പ്രവര്‍ത്തനങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇസ്രായേലിന്റെ കുടിയേറ്റ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. പ്രമേയത്തെ രൂക്ഷമായാണ് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വിമര്‍ശിച്ചത്.

രക്ഷാസമിതി പാസ്സാക്കിയ പ്രമേയം അംഗരാജ്യങ്ങള്‍ നടപ്പിലാക്കണമെന്ന് യുഎന്‍ ചാര്‍ട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ പ്രമേയം നടപ്പിലാക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു.

Related Tags :
Similar Posts