ജയ്ശെ മുഹമ്മദ് തലവനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍പെടുത്താനുള്ള നീക്കത്തിന് ചൈനയുടെ വീറ്റോ
|ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ഐക്യരാഷ്ട്രസഭാ സമിതിയില്‍ ചൈനയുടെ വീറ്റോ.
ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ഐക്യരാഷ്ട്രസഭാ സമിതിയില്‍ ചൈനയുടെ വീറ്റോ. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോഴാണ് ചൈന
പാകിസ്താനനുകൂലമായി നിലപാടെടുത്തത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്താനായി അസ്ഹറിന്റെ പേര് ഐക്യരാഷ്ട സഭയുടെ അല്‍ ഖ്വയിദ സാന്‍ക്ഷന്‍ കമ്മിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. സമിതിയിലെ 15 അംഗങ്ങളില്‍ 14 പേരും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ വീറ്റോ അധികാരമുപയോഗിച്ച് ചൈന മസ്ഊദ് അസ്ഹറിനെതിരായ നീക്കം തടയുകയായിരുന്നു.
പാകിസ്താനുമായുള്ള ധാരണയുടെ ഭാഗമായാണ് ചൈനയുടെ നടപടിയെന്നാണ് വിലയിരുത്തല്‍. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈനയുമായുള്ള ബന്ധം മെച്ചെപ്പെട്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് ചൈനയുടെ ഈ നടപടി. മുബൈ ഭീകരക്രമണത്തിന് പിന്നാലെ യുപിഎ സര്‍ക്കാര്‍ കാലത്ത് അസ്ഹറിനെ വിലക്കാന്‍ ഇന്ത്യ ശ്രമിച്ചപ്പോഴും ചൈന തടഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ പട്ടികയില്‍ പെട്ടാല്‍ മസ്ഊദ് അസ്ഹറിന്റെ വിദേശ യാത്രകളും ധനസമാഹരണവും തടയപ്പെടും. അക്കൌണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും അസ്ഹറിന് നേരിടേണ്ടി വരും.